തിരുവനന്തപുരം : സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ പെട്ടന്നുണ്ടായ വർധനയിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ രോഗികളുടെ എണ്ണംകൂടി ചേർത്തതിനാലാണ് കണക്ക് പ്രകാരം ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണമുയർന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇന്നലെ മാത്രം ഐസിയുകളിൽ 274 പേരെയും വെന്റിലേറ്ററിൽ 331 രോഗികളെയും പ്രവേശിപ്പിച്ചെന്നായിരുന്നു ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്ക് നൽകിയിരുന്ന സ്ഥാനത്ത്, ഇന്നലെ മുതലാണ് സ്വകാര്യ ആശുപത്രികളിലെ വിവരങ്ങൾ കൂടി ചേർത്തത്. നിലവിൽ സംസ്ഥാനത്ത് 2323 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. വെന്റിലേറ്ററിൽ 1138 പേരുമുണ്ട്. സംസ്ഥാനത്താകെ, 508 വെന്റിലേറ്റർ ഐസിയുവും 285 വെന്റിലേറ്ററുകളും 1661 ഓക്സിജൻ കിടക്കകളും ഒഴിവുണ്ടെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.