കോന്നി : മുരിങ്ങമംഗലം കുപ്പക്കര പയ്യനാമൺ റോഡിൽ ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തത് അപകടക്കെണിയാകുന്നു. റോഡിന്റെ ഒന്നാം ഘട്ട ടാറിങ് പൂർത്തിയായതിന് മാസങ്ങൾക്ക് ശേഷമാണ് രണ്ടാം ഘട്ടം ടാറിങ് നടത്തിയത്. എന്നാൽ ടാറിങ് നടത്തിയപ്പോൾ റോഡ് തറ നിരപ്പിൽ നിന്നും ഉയർന്നെങ്കിലും മുരിങ്ങ മംഗലം മുതൽ കുപ്പക്കര വരെയുള്ള ഭാഗങ്ങളിൽ സ്ലാബ് സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് എലിമുള്ളുംപ്ലാക്കൽ സ്വദേശി വിശ്വജിത്ത് എന്ന യുവാവും വികലാംഗനായ ആളും സഞ്ചരിച്ച സ്‌കൂട്ടർ ഈ ഓടയിൽ മറിയുകയും ഗുരുതരമായി പരിക്കേറ്റ വിശ്വജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
കോന്നിയിൽ നിന്നും വരുന്നവർ മുരിങ്ങമംഗലം ഭാഗത്ത് നിന്നും കുപ്പക്കര റോഡിലേക്ക് തിരിയുമ്പോൾ ഓടയുടെ കുഴി കാണാതെ അപകടത്തിൽ പെടുന്നതാണ് പതിവ്. മുൻപും ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപെട്ടതായി പറയുന്നു. തുടർച്ചയായ വളവുകൾ ഉള്ള റോഡിൽ വാഹനങ്ങൾ അടുത്ത് എത്തിയതിന് ശേഷമായിരിക്കും കാണുവാൻ കഴിയുക. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു. കുപ്പക്കാര ഭാഗത്ത് നിർമ്മിച്ച ഓട കാട് കയറി കിടക്കുന്നതിനാൽ യാത്രക്കാർക്ക് കാണുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. പയ്യനാമൺ, കൊന്നപ്പാറ, അതുമ്പുംകുളം, തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ, സീതത്തോട് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കുള്ള ആളുകൾ ഈ റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നുണ്ട്. കൂടാതെ കോന്നി – ചാങ്കൂർ മുക്ക് – തണ്ണിത്തോട് റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. ശബരിമല മണ്ഢലകാലത്ത് അയ്യപ്പ ഭക്തരും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്.