കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹര്‍ജി നല്‍കിയ എംവി സുരേഷ് സാമ്ബത്തിക തിരിമറി കേസിലെ പ്രതിയാണ്. കരുവന്നൂര്‍ ബാങ്കില്‍ തന്നെ ക്രമക്കേട് നടത്തിയതിന് ഇയാള്‍ക്കെതിരെ കുറ്റപത്രമുണ്ട്. ഇക്കാര്യം മറച്ചുവച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ്. നിരവധി വ്യാജ രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. അനധികൃതമായ ചില വായ്പകള്‍ പാസാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നിലവിലെ പ്രതികളില്‍ മാത്രമല്ല തട്ടിപ്പില്‍ പങ്കുള്ള എല്ലാവരിലേക്കും അന്വേഷണമുണ്ട്. 12 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളടക്കം 18 പേരെ പ്രതിചേര്‍ത്തു. സംശയമുള്ള അക്കൗണ്ടുകള്‍ ഓഡിറ്റ് വകുപ്പിന്റെ സഹായത്തോടെ പരിശോധിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.