കോഴിക്കോട്: സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് പോലീസുകാരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മടക്കി അയച്ചു. പോലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയാണ് സുരേന്ദ്രന്‍ മടക്കി അയച്ചത്. ഇന്‍റലിജന്‍സ് നിര്‍ദ്ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് കെ. സുരേന്ദ്രന്‍റെ സുരക്ഷക്ക് രണ്ട് ഗണ്‍മാന്മാരെ അനുവദിച്ചത്.
തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ ഇല്ലായെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പോലീസിനേക്കാള്‍ കൂടുതല്‍ സുരക്ഷ ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ 2019ലും സുരേന്ദ്രന് സുരക്ഷാഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.