ന്യൂഡല്‍ഹി : രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ. പോള്‍. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
‘കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള ഒരു വ്യവസ്ഥയല്ല. ഈ മാനദണ്ഡം ലോകത്ത് എവിടെയും സ്വീകാര്യമല്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നില്ല. എന്നിരുന്നാലും സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്ബ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന ആവശ്യങ്ങള്‍ക്കിടയിലാണ് ഈ പ്രതികരണം. രാജ്യത്ത് ഇതുവരെ ഏകദേശം 72 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി പോള്‍ വ്യക്തമാക്കി. രണ്ട് ഡോസുകള്‍ വൈറസില്‍ നിന്നുള്ള പൂര്‍ണ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളും സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യവുമായി രംഗത്ത് വന്നതിന് പിന്നാലെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കാന്‍ ഇനി തടസമുണ്ടാകില്ല. കേരളത്തില്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ രോഗികള്‍ ഉള്ളത്
18 വയസിനു മുകളിലുള്ള 58 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇത് നൂറു ശതമാനം ആകണം. ആരും ഇതില്‍ നിന്ന് ഒഴിവാകരുതെന്നും വി.കെ. പോള്‍ അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ കോവിഡ് കേസുകളില്‍ 60.08 ശതമാനവും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കേരളത്തില്‍ മാത്രമാണ് ഒരുലക്ഷത്തിലധികം ആക്ടിവ് കേസുകള്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം തരംഗത്തില്‍ മരിച്ചവര്‍ ഏറെയും വാക്സിന്‍ സ്വീകരീക്കാത്തവരാണെന്നും കേന്ദ്രം വ്യക്തമാക്കി.
ദീപാവലി, ക്രിസ്തുമസ് ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ കര്‍ശനനിയന്ത്രണം വേണമെന്നും നിര്‍ദ്ദേശമുണ്ട്.