ചെന്നൈ : രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി എതിര്‍പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ തന്റെ ജയില്‍ മോചന വിവരങ്ങള്‍ നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ച് അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല. അനധികൃത സ്വത്തു സമ്പാദന കേസില്‍ പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികലയിപ്പോള്‍ തടവുപുള്ളികളുടെ വിവരങ്ങള്‍ വിവരാവകാശ നിയമം മൂലം ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും കത്തിലുണ്ട്. ശശികലയുടെ ശിക്ഷാ കാലാവധി 2021 ജനുവരി 27ന് പൂര്‍ത്തിയാകും. 10 കോടി രൂപയും പിഴ വിധിച്ചിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കില്‍ ശിക്ഷ ഒരു വര്‍ഷം കൂടി നീളും.
എന്നാല്‍ ഈ തുക വൈകാതെ അടയ്ക്കാന്‍ ഒരുങ്ങുകയാണ് ശശികല. തുക അടയ്ക്കുമെന്നും നല്ല നടപ്പിന്റെ പേരില്‍ ശശികലയ്ക്ക് ഒക്ടോബറില്‍ തന്നെ പുറത്തിറങ്ങാന്‍ കഴിയുമെന്നും അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറഞ്ഞിരുന്നു.
ശശികല പുറത്തിറങ്ങിയാല്‍ അണ്ണാഡിഎംകെ രാഷ്ട്രീയം കലങ്ങി മറിയുമെന്നാണു വിലയിരുത്തല്‍. ബിജെപിയുടെ നേതൃത്വത്തില്‍ അണ്ണാഡിഎംകെ, ശശികല ലയന ചര്‍ച്ചകള്‍ നടക്കുന്നതായും അഭ്യൂഹമുണ്ട്.