തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പാസ് വിതരണം നിര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാസുകള്‍ ക്രമത്തില്‍ വിതരണം ചെയ്യുമെന്നും ഇതുസംബന്ധിച്ച ക്രമവല്ക്കണം മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്നവരെ റെഡ് സോണില്‍നിന്നു വരുന്നു എന്നതുകൊണ്ടുമാത്രം തടയില്ല. ഇതിനെല്ലാം വ്യക്തമായ പ്രക്രിയയുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവരെ അതിര്‍ത്തി കടത്തിവിടില്ല. ചിലര്‍ അതിര്‍ത്തില്‍ എത്തി ബഹളം വെയ്ക്കുന്നുണ്ട്. ഇതുകൊണ്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലേക്കു വരുന്നവര്‍ എവിടെനിന്നാണോ വരുന്നത് അവിടെനിന്ന് പാസ് എടുക്കണം. എങ്ങോട്ടാണോ പോകേണ്ടത് അവിടുത്തെ പാസും എടുക്കണം. രജിസ്റ്റര്‍ ചെയ്യുന്നവരോട് ഇവര്‍ എത്തേണ്ട സമയം കൃത്യമായി അറിയിക്കും. ആ സമയത്ത് എത്തണം. ഈ നടപടിക്രമം പാലിക്കാതെ എത്തുന്നുണ്ട്. ചിലര്‍ വരുന്നിടത്തുനിന്ന് മാത്രം പാസ് എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. എല്ലാം ഭംഗിയായി ക്രമീകരിക്കുന്നതിനു വേണ്ടിയാണ് രജിസ്ട്രേഷന്. വരുന്നവരുടെ സൗകര്യത്തിനുവേണ്ടി കൂടിയാണ് ഈ ക്രമീകരണങ്ങള്‍. വരുന്നവര്‍ സമയംതെറ്റി വരുന്നത് അസൗകര്യമുണ്ടാക്കുന്നുണ്ട്. അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ പരിശോധനയില്ലാതെ വരുന്നത് ഒരുതരത്തിലും അനുവദിക്കില്ല. വിവരങ്ങള്‍ മറച്ചുവച്ച് വന്നാല്‍ തടയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിര്‍ത്തിയില്‍ ശാരീരിക അകലം പാലിക്കാതെ തിരക്കുണ്ടാകുന്നുണ്ട്. അതു പാടില്ല. ഇതില്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കണം. അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധന കൗണ്ടറുകള്‍ ആരംഭിക്കും. ഗര്‍ഭിണികള്‍ക്കും വയോധികള്ക്കുമായി പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.