കൊച്ചി: കടം വാങ്ങിയ പണം തിരികെ നല്‍കുമ്പോള്‍ യുവതിയുടെ മുന്നില്‍വെച്ചുതന്നെ നോട്ട് കീറിയെറിഞ്ഞു അഹങ്കാരം കാണിക്കാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്റെ മക്കള്‍ക്കു കളിയ്ക്കാന്‍ വാങ്ങി നല്‍കിയ പേപ്പര്‍ നോട്ടുകള്‍ ആയിരുന്നു അതെന്നുപറഞ്ഞ് പുതിയ വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ കറന്‍സി കീറിയെറിഞ്ഞത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് മനസ്സിലായതോടെയാണ് ന്യായീകരണ വീഡിയോയുമായി ഇയാള്‍ വന്നത്.
എന്നാല്‍ പണം തിരികെ കൊടുക്കാന്‍ പോയ പ്രവാസിയുടെ ഭാര്യ സനില സത്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തു വന്നതോടെ കാര്യങ്ങളുടെ ഗതിമാറും. തന്റെ ഭര്‍ത്താവു കടം വാങ്ങിയ തുക തിരികെ കൊണ്ടുചെന്നപ്പോള്‍ അയാള്‍ ആദ്യം ചോദിച്ചത് പണം കൊണ്ടുവന്നിട്ടുണ്ടോ എന്നായിരുന്നു. തുക നല്‍കിയപ്പോള്‍ അത് അദ്ദേഹത്തിന്റെ ഭാര്യയെകൊണ്ട് വീഡിയോ എടുപ്പിക്കുകയും തന്റെ മുന്നില്‍ വെച്ച് തന്നെ ആ തുക കീറി എറിയുകയും ചെയ്തു. ഏറെ ബുദ്ധിമുട്ടിയാണ് കടം വീട്ടുവാന്‍ പണം കണ്ടെത്തിയത്. ആ പണം കണ്‍മുന്‍പില്‍ വെച്ചുതന്നെ കീറിയപ്പോള്‍ അകെ വിഷമമായെന്നും ഒന്നും മിണ്ടാന്‍ സാധിച്ചില്ലെന്നും ഉടന്‍ തന്നെ അവിടെ നിന്നും ഇറങ്ങിപ്പോന്നെന്നും സനില പറയുന്നു.