കോഴഞ്ചേരി : ഇടതുമുന്നണി പിന്തുണയ്ക്കുന്ന കേരള കോൺഗ്രസിലെ പ്രസിഡന്റ് റോയ് ഫിലിപ്പിന് എതിരെ കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നൽകി. സുനിത ഫിലിപ്പ്, ജിജി വർഗീസ്, റാണി കോശി, വാസു.റ്റി.റ്റി, സാലി ഫിലിപ്പ് എന്നിവരാണ് അവിശ്വാസത്തിൽ ഒപ്പിട്ട അംഗങ്ങൾ. യു ഡി എഫ് അഞ്ച്, എൽ ഡി എഫ് അഞ്ച്, ബി ജെ പി രണ്ട് , കോൺഗ്രസ് വിമതൻ ഒന്ന് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. വിമത അംഗത്തിന്റെ പിന്തുണയോടെ ആദ്യം കോൺഗ്രസിലെ ജിജി വറുഗീസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ രണ്ട് വർഷം പൂർത്തിയായപ്പോൾ യു ഡി എഫിലെ രണ്ട് കേരള കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രഅംഗവും എൽ ഡി എഫ് അവതരിപ്പിച്ച അവിശ്വാസത്തെ അനുകൂലിച്ച് പ്രസിഡന്റിനെ പുറത്താക്കി.
പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണികളുടെ പിന്തുണയിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പ് പ്രസിഡന്റായി. തുടർന്ന് റോയി ഫിലിപ്പും കേരള കോൺഗ്രസിലെ സാലി ഫിലിപ്പും ഇടത് മുന്നണിക്ക് ഒപ്പം നിലകൊണ്ടു. ഇവർക്ക് വിപ്പ് നൽകിയ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ബി.ജെ.പിയിലും ചേർന്നു. ബി.ജെ.പിയിലെ രണ്ട് അംഗങ്ങൾ വിട്ടു നിന്ന തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് കോൺഗ്രസിലെ ജിജി വറുഗീസും എൽ.ഡി.എഫ് ലെ ജനതാദൾ അംഗം ബിജോ പി മാത്യുവും പേര് നിദ്ദേശിക്കുകയും കോൺഗ്രസിലെ റാണി കോശിയും സി പി എമ്മിലെ ബിജിലി പി ഈശോയും പിന്താങ്ങുകയും ചെയ്തതോടെ വരണാധികാരി പ്രസിഡന്റായി റോയി ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.