ഹൈദരാബാദ് : ബി.ജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ സംഭവത്തില്‍ തെലങ്കാന ഗതാഗത മന്ത്രി പുവ്വട അജയ്കുമാര്‍, ടി.ആര്‍.എസ് നേതാവ് പ്രസന്ന കൃഷ്ണ എന്നിവര്‍ക്ക് നോട്ടീസ് അയച്ച് തെലങ്കാന ഹൈക്കോടതി. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ സായ് ഗണേഷ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കോടതി നോട്ടീസ് അയച്ചത്. സായ് ഗണേഷിന്റെ ആത്മഹത്യയില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കും സി.ബി.ഐ.ക്കും ഖമ്മം പോലീസിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മഹ്ബൂബ് നഗറിലെ പ്രാക്ടീസ് അഭിഭാഷകനായ കെ. കൃഷ്ണയ്യയാണ് സായി ഗണേഷിന്റെ ആത്മഹത്യയില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഗണേഷിനെതിരെ കള്ളക്കേസെടുക്കാന്‍ പോലീസിനെ അജയ്കുമാര്‍ സ്വാധീനിച്ചെന്നും പീഡനം മൂലമാണ് ആത്മഹത്യയെന്ന് അദ്ദേഹം വാദിച്ചു. പ്രസന്ന കൃഷ്ണയുടെ സ്വാധീനത്തിലാണ് സായി ഗണേഷിനെ പോലീസ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതെന്ന് കൃഷ്ണയ്യ ആരോപിച്ചു. പോലീസ് 10 കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇദ്ദേഹം പറയുന്നു.
മരണശേഷം മന്ത്രിക്കും മറ്റ് ആരോപണവിധേയരായ ടി.ആര്‍.എസ് നേതാക്കള്‍ക്കുമെതിരെ കേസെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഖമ്മത്ത് ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സായ് ഗണേഷിന് വലിയ പങ്കുണ്ടായിരുന്നു. ഭരണകക്ഷിയായ ടി.ആര്‍.എസ് പാര്‍ട്ടിയെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ടി.ആര്‍.എസ് നേതാക്കള്‍ പോലീസിനെ സ്വാധീനിച്ച് സായ് ഗണേഷിനെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കോടതിയില്‍ കൃഷ്ണയ്യ പറഞ്ഞു.
50 ലക്ഷം രൂപയും ഒരു നാലു ചക്ര വാഹനവും മരിച്ചയാളുടെ അമ്മയ്ക്ക് നഷ്ടപരിഹാരമായി നല്‍കാമെന്ന് ടി.ആര്‍.എസ് നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും കൃഷ്ണയ്യ കോടതിയെ അറിയിച്ചു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഹരജിക്കാരനോട് ആവശ്യപ്പെട്ടു.ഖമ്മം പോലീസ് കമ്മീഷണര്‍, ടൗണ്‍ പോലീസിലെ മൂന്ന് എസ്.എച്ച്.ഒമാര്‍ മൂന്ന് ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.