കോട്ടയം : മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രശസ്തനായ സുധാകര്‍ മംഗളോദയം (72) അന്തരിച്ചു. ഇന്ന് വൈകിട്ട് ആറിന് കോട്ടയത്ത് വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പത്തിന് വീട്ടുവളപ്പില്‍. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം.
ആഴ്ചപ്പതിപ്പുകളിലെ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു സുധാകര്‍ മംഗളോദയം. വാരികകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്ത നിരവധി നോവലുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. നിരവധി നോവലുകള്‍ സിനിമകളും സീരിയലുകളുമായിട്ടുണ്ട്. ഇവയില്‍ ചിലതിന് അദ്ദേഹം തന്നെയാണ് തിരക്കഥയൊരുക്കിയതും.
നാലു സിനിമകള്‍ക്കും നിരവധി സീരിയലുകള്‍ക്കും കഥ എഴുതിയിട്ടുണ്ട്. പി. പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്. വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥാരചന നടത്തി. നന്ദിനി ഓപ്പോള് എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ഞാന്‍ ഏകനാണ് എന്ന ചിത്രത്തിന്റെ തിരക്കഥ സുധാകര്‍ മംഗളോദയത്തിന്റെതാണ്.