തിരുവനന്തപുരം: കടൽവഴി അന്താരാഷ്ട്ര വാണിജ്യശൃംഖലയായ ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാൻ അദാനി ഗ്രൂപ്പ്. ഇസ്രയേലിലെ ഹൈഫ മുതൽ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖശൃംഖലയിലെ മദർ പോർട്ടുകളിലൊന്നാകും വിഴിഞ്ഞമെന്നാണ് വിലയിരുത്തൽ. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇസ്രയേലിലെ ഹൈഫയിലും ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തും വികസനം നടന്നുവരുകയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും വലിയ നിക്ഷേപം നടത്തുന്നുണ്ട്. കെനിയ, ടാൻസാനിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലും അദാനി ഗ്രൂപ്പ് തുറമുഖപദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്.
അദാനി പോർട്‌സും ഇസ്രയേലിലെ ഗാദോത്ത് ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഹൈഫ തുറമുഖം. വിഴിഞ്ഞത്ത് മദർഷിപ്പുകൾ എത്തിക്കുന്ന കണ്ടെയ്‌നറുകൾ ദുബായ് പോർട്ടിൽ എത്തിച്ച് റെയിൽമാർഗം സൗദിയിലേക്കും ജോർദാനിലേക്കും ഹൈഫ തുറമുഖത്തേക്കും എത്തിക്കാനാകും. 10 ദിവസത്തിനുള്ളിൽ വിഴിഞ്ഞത്തുനിന്ന് ഹൈഫ തുറമുഖംവഴി യൂറോപ്പിലേക്കും ചരക്ക് എത്തിക്കാനാകും. സൂയസ് കനാൽ ഒഴിവാക്കി യൂറോപ്പിലേക്കെത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്.