ഡൽഹി: പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ രംഗത്ത്. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും പെണ്‍ സിംഹമായ സീതയ്ക്ക് തനായ എന്നുമാണ് ശുപാർശചെയ്തിരിക്കുന്ന പേരുകൾ. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. കേന്ദ്ര മൃഗശാല അതോറിറ്റി ശുപാര്‍ശ അംഗീകരിച്ചാല്‍ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍ സിംഹം ഔദ്യോഗിക രേഖകളില്‍ സൂരജ് എന്നായിരിക്കും അറിയപ്പെടുക. പെണ്‍സിംഹത്തിന്റെ പേര് തനായ എന്നുമാകും രേഖപ്പെടുത്തുക. പേര് അംഗീകരിച്ചാല്‍ ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക.
പക്ഷെ ഈ ശുപാര്‍ശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരം ഉണ്ട്. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ ഇട്ടതിനെ കല്‍ക്കട്ട ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. വി.എച്ച്.പിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജി വിമര്‍ശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.