തിരുവനന്തപുരം: റേഷൻ കാർഡിലെ ‘എൻ.ആർ.സി’ തെറ്റിദ്ധരിപ്പിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വമ്പൻ പ്രചാരണം നടക്കുന്നതോടെ സംസ്ഥാനത്തെ സപ്ലൈ ഓഫീസർമാർക്ക് മനസമാധാനമില്ലാതായി. ന്യൂ റേഷൻ കാർഡിന് റേഷൻ ഉദ്യോഗസ്ഥർ ‘എൻ.ആർ.സി’ എന്നാണ് ചുരുക്കപ്പേര് എഴുതുന്നത്. ഇത് ദേശീയ പൗരത്വ രജിസ്ട്രേഷൻ ആണെന്ന വ്യാജ പ്രചാരണമാണ് ചിലർ നടത്തുന്നത്. ഇതിനൊപ്പം എൻ.ആർ.സി എന്നെഴുതിയ റേഷൻ കാർഡിന്റെ ചെറിയൊരു ഭാഗവും പ്രചരിക്കുന്നുണ്ട്.
പാലക്കാട് പട്ടാമ്പിയിലെ താലൂക്ക് സപ്ലൈ ഓഫീസർക്കാണ് ആദ്യം എട്ടിന്റെ പണി കിട്ടിയത്. പതിയെ സംഭവം വ്യാപകമാകാൻ തുടങ്ങി. ഇപ്പോൾ എൻ.ആർ.സി എന്നെഴുതും മുമ്പ് സപ്ളൈ ഓഫീസർമാർ രണ്ട് തവണ ചിന്തിക്കും. പഴയ കാർഡിൽ നിന്ന് പേരുവെട്ടി പുതിയ റേഷൻ കാർഡിൽ പേര് കൂട്ടിചേർക്കുമ്പോൾ ന്യൂ റേഷൻ കാർഡെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് സപ്ളൈ ഓഫീസുകളിൽ എൻ.ആർ.സി എന്ന ചുരുക്കെഴുത്ത് കാലങ്ങളായി ഉപയോഗിക്കുന്നത്. നോ റേഷൻ സർട്ടിഫിക്കറ്റ് എന്നെഴുതാനും ചിലയിടങ്ങളിൽ എൻ.ആർ.സി എന്നെഴുതും. അതേസമയം വ്യാജ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി നീങ്ങാനാണ് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരുടെ തീരുമാനം. സംഭവം വിവാദമായതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രോളന്മാരുടെ സംഭാവന കാര്യമായി നല്‍കി തുടങ്ങിയിട്ടുണ്ട്.