തിരുവനന്തപുരം : സർക്കാറിന്റെ പ്രഖ്യാപനങ്ങൾ വിശ്വസിച്ച് നാട്ടിലെത്തിയ പ്രവാസികൾക്ക് അവഗണന. തൊഴിൽ നഷ്ടപ്പെട്ടാണ് പലരും എത്തിയിരിക്കുന്നത്. കോവിഡ് വന്നതോടെ നാട്ടിലും അവസരങ്ങൾ ഇല്ലാതായി.
തിരിച്ചുപോകാൻ കഴിയാത്തവർക്ക് 5000 രൂപയാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. സഹായം നൽകിത്തുടങ്ങി എന്ന് നോർക്ക പറയുന്നുണ്ടെങ്കിലും അപേക്ഷിച്ചവർക്ക് പലർക്കും ലഭിച്ചിട്ടില്ല. നോർക്ക ഓഫീസിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലെന്നും പരാതിയുണ്ട്. എല്ലാവരും ഓൺെലൈൻ മുഖേനയാണ് അപേക്ഷ നൽകിയത്. സമർപ്പിച്ച രേഖകളുടെ അഭാവംമൂലം പല അപേക്ഷകളും മാറ്റിവെച്ചിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.
ഗൾഫ് നാടുകളിൽ മരിച്ചവരുടെ ആശ്രിതർക്കും ഒരുസഹായവും ലഭിച്ചിട്ടില്ല. കോവിഡ് പോസിറ്റിവായവർക്കുള്ള ക്ഷേമനിധി ആനുകൂല്യമായ 10,000 രൂപപോലും പലർക്കും കിട്ടിയിട്ടില്ല. ലോക്ക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയവർ, വിസ കാലാവധി കഴിഞ്ഞവർ എന്നിവർക്കായിരുന്നു സർക്കാർ സഹായം പ്രഖ്യാപിച്ചത്. പ്രവാസികൾക്ക് അടിയന്തര വായ്പ നൽകാൻ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻറ്സ്(എൻഡിപ്രേം) എന്ന പദ്ധതിയുമുണ്ട്.
കുറഞ്ഞത് രണ്ടുവർഷം വരെ വിദേശത്ത് ജോലിചയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവർക്കാണ് ബാങ്കുകൾ മുഖേന വായ്പ അനുവദിക്കുന്നത്. സംയോജിത കൃഷി, ഭക്ഷ്യസംസ്‌കരണം, ക്ഷീരോൽപാദനം, മത്സ്യകൃഷി, ആട്, കോഴി വളർത്തൽ, പുഷ്പകൃഷി, പച്ചക്കറികൃഷി, കമ്പ്യൂട്ടർ ഉപകരണങ്ങൾ, തേനീച്ച വളർത്തൽ, ഹോംസ്റ്റേ, റിപ്പയർ ഷോപ്പുകൾ, ചെറുകിട വ്യാപാര സ്ഥാനപങ്ങൾ, ടാക്‌സി സർവ്വീസ്, ബ്യൂട്ടി പാർലറുകൾ എന്നിങ്ങനെ വിവിധ സംരംഭങ്ങൾ തുടങ്ങാനാണ് വായ്പ അനുവദിക്കുക.
എന്നാൽ, ബാങ്കിൽ ദിവസങ്ങൾ കയറി ഇറങ്ങിയാലും വായ്പ കിട്ടാറില്ലെന്ന് പ്രവാസികൾ പറയുന്നു. ബാങ്കുകാർ എന്തെങ്കിലും ചെറിയ കാരണങ്ങൾ കണ്ടുപിടിച്ച് സംരംഭകരെ ഒഴിവാക്കുന്ന സമീപനമാണെന്നും സ്വയംതൊഴിൽ പദ്ധതികൾക്കുള്ള വായ്പകൾ പോലും തരാതിരിക്കാനാണ് ബാങ്കുകാർ ശ്രമിക്കുന്നത് എന്നും പ്രവാസികൾ പറയുന്നു.
.