ചങ്ങനാശ്ശേരി : സാമ്പത്തിക സംവരണ വിഷയത്തില്‍ എൻ.എസ്.എസും കത്തോലിക്ക സഭയും കൈകോര്‍ക്കുന്നു. സഭാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയ അതേസമയം തന്നെ കത്തോലിക്ക സഭയിലെ അല്‍മായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ ചങ്ങനാശ്ശേരിയില്‍ എത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായ് കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയനിലത്തിന്റെ നേതൃത്വത്തിലാണ് നേതാക്കൾ ചർച്ച നടത്തിയത്. സംവരണ വിഷയത്തില്‍ ഒന്നിച്ചുനീങ്ങാന്‍ ധാരണയായതായിട്ടാണ് വിവരം. ഇ.ഡബ്ല്യു.എസ് സംവരണ വിഷയത്തിൽ മുൻകാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കുക, സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കുക, ഏതെങ്കിലും നിയമന വർഷത്തിൽ അർഹരായ ഇഡബ്ല്യു എസ് ഉദ്യോഗാർത്ഥികളെ നിയമനത്തിനായി ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ മാറ്റിവെച്ച് തുടർ വിജ്ഞാപനങ്ങളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച നിലപാടുമായി മുന്നോട്ട് പോകാനാണ് എൻ.എസ്.എസിന്റെയും കത്തോലിക്ക സഭയുടെയും നീക്കം. സമുദായത്തെ പ്രതിനിധീകരിച്ച് ചങ്ങനാശ്ശേരി രൂപതയിൽ നിന്നുള്ള ഫാ. ജെയിംസ് കൊക്കാവയലും സംസ്ഥാന നേതാക്കളായ തോമസ് പീടികയിൽ, ബെന്നി ആന്റണി, വർഗീസ് ആന്റണി എന്നിവരാണ് രഹസ്യ കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്നാണ് വിവരം.
ഈ വിഷയത്തില്‍ യു.ഡി.എഫ് ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. സാമ്പത്തിക സംവരണത്തെ പിന്തുണച്ചില്ലെങ്കില്‍ എന്‍.എസ്.എസ് ന്റെയും കത്തോലിക്കാ സഭയുടെയും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരും. എന്നാല്‍ യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗ് സാമ്പത്തിക സംവരണത്തെ പ്രത്യക്ഷമായി എതിര്‍ക്കുകയും ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ യു.ഡി.എഫ് നേത്രുത്വം വലിയ ആശയക്കുഴപ്പത്തിലാണ്. ഇത് പരമാവധി മുതലെടുക്കുവാനാണ് എല്‍.ഡി.എഫ് ശ്രമം.
ജോസ്.കെ.മാണിയിലൂടെ കത്തോലിക്കാ സഭയുമായി യു.ഡി.എഫ് നല്ല ബന്ധത്തിലായിരുന്നു. ജോസ്.കെ.മാണിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത്തിലുള്ള കടുത്ത അമര്‍ഷം സഭാ നേത്രുത്വത്തിലെ പലരും മനസ്സില്‍ സൂക്ഷിച്ചിരിക്കുകയാണ്. യു.ഡി.എഫിലെ സാമുദായിക സന്തുലനം നഷ്ടമായെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഇതിന് അരക്കിട്ടുറപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ യു.ഡി.എഫില്‍ നിന്നും ഉണ്ടാകുന്നത്. യു.ഡി.എഫിനെ വരുതിയില്‍ നിത്താന്‍ മുസ്ലീംലീഗ് ശ്രമിക്കുകയാണെന്നാണ് ഇവരുടെ അഭിപ്രായം. കൂട്ടായ ഗൂഡാലോചനയിലൂടെയാണ് ജോസ്.കെ.മാണിയെ പുറത്താക്കി പടിയടച്ച് പിണ്ഡം വെച്ചതെന്നും ഇവര്‍ വിശ്വസിക്കുന്നു.