കോട്ടയം: മന്നം സമാധിദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തെ വിമര്‍ശിച്ച് എന്‍എസ് എസ്. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍.എസ്.എസ്. അതേസമയം അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിപത്രത്തില്‍ വന്ന ലേഖനവും, സത്യഗ്രഹ സമരസ്മാരകത്തില്‍നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവുമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മന്നം സമാധി ദിനത്തിലെ ദേശാഭിമാനി ലേഖനം വലിയ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മന്നത്തിന്‍റെ നവോത്ഥാന സംഭാവനകള്‍ ചെറുതായി കാണാനാവില്ല എന്നായിരുന്നു ലേഖനം. വൈക്കം ഗുരുവായൂര്‍ സമരങ്ങളുടെ വേരുകള്‍ വര്‍ഗ സമര രാഷ്ട്രീയത്തിലായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മന്നത്തിന്റെ സംഭാവനകളെ ചെറുതായി കാണാനാവില്ലെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഇടതുപക്ഷസര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പുനയം നായര്‍ സര്‍വീസ് സൊസൈറ്റിയും അദ്ദേഹത്തിന്റെ ആരാധകരും തിരിച്ചറിയുന്നു എന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയവൈരത്തിന്റെ ഉറവിടം എന്തെന്നും എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും സുകുമാരന്‍നായര്‍ കുറ്റപ്പെടുത്തി. ഗുരുവായൂര്‍ സത്യഗ്രഹ സമരസ്മാരകം നിര്‍മ്മിച്ച് 2018 മെയ് 8-ന് ഉദ്ഘാടനം ചെയ്തപ്പോള്‍ മന്നത്തുപത്മനാഭനെ ഓര്‍മ്മിക്കാനോ, സ്മാരകത്തില്‍ പേരുചേര്‍ക്കാനോ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് അധാര്‍മ്മികവും ബോധപൂര്‍വമായ അവഗണനയും ആയിത്തന്നെ കാണേണ്ടിയിരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താവും ആയിരുന്നു അദ്ദേഹം. മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അദ്ദേഹം ഒരിക്കലും എതിരായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.