ചങ്ങനാശ്ശേരി : നായര്‍ സര്‍വിസ് സൊസൈറ്റി ഉന്നയിച്ച വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് നിഷേധാത്മക സമീപനമാണെന്നും ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സംഘടനയുടെ 107ാം ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിനോട് മൂന്നു കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് എടുക്കുക, 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കുക, മന്നത്ത് പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. ശബരിമല യുവതി പ്രവേശന വിഷയം എവിടെ നില്‍ക്കുന്നുവെന്ന് ഏവര്‍ക്കും അറിയാം.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലും കാലതാമസം വരുത്തി. മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ രണ്ടു തവണയും നിരസിക്കുകയായിരുന്നു. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ എന്‍.എസ്.എസിന്റെത് ഉറച്ച നിലപാടാണ്, അത് തുടരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സമൂഹത്തില്‍ സവര്‍ണ -അവര്‍ണ ചേരിതിരിവുണ്ടാക്കി എല്ലാം സവര്‍ണാധിപത്യത്തിന് കീഴിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില സമുദായ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. അധികാരത്തിലിരിക്കുന്ന ചിലരും ഇതിന് കുടപിടിക്കുകയാണ്. ഇത് നാടിനു ഗുണം ചെയ്യില്ലെന്നും വിഭാഗീയത വളര്‍ത്താനേ ഉപകരിക്കൂവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡോ. എം. ശശികുമാറും പങ്കെടുത്തു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമായിരുന്നു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ ബജറ്റ് അവതരിപ്പിച്ചത്.