ഡല്‍ഹി: നിയമസഭാ സ്പീക്കര്‍ പദവിയില്‍ തുടരാന്‍ എ.എന്‍.ഷംസീറിന് യോഗ്യത ഇല്ലെന്ന എന്‍.എസ്.എസ് പ്രസ്താവനയെ പിന്തുണച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുക തന്നെ വേണമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിക്കുന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ല. ഉന്നതഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ക്ക് യോജിച്ചതല്ല ഷംസീറിന്റെ വാക്കുകള്‍. സ്പീക്കര്‍ പദവിയിലിരുന്ന് മറ്റ് അജണ്ടകള്‍ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിന് വേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്‍എസ്എസ് ആവശ്യത്തോട് മുഖ്യമന്ത്രിയും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോയെന്നത് അറിയാന്‍ ആഗ്രഹമുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.
അതേസമയം ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ ഷംസീറിന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പ്രസ്താവന അതിരു കടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ ആവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും അത് അംഗീകരിക്കാനാവുന്നതല്ല. ഈ സാഹചര്യത്തില്‍ നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് അര്‍ഹതയില്ല. പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ വിശ്വാസികളോട് മാപ്പുപറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.