തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തിനെതിരെ തലസ്ഥാനത്ത് എന്‍എസ്എസ് നേതൃത്വത്തില്‍ നടന്ന നാമജപ യാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്തതില്‍ പ്രതികരിച്ച് എന്‍എസ്എസ് വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാര്‍. കേസിനെ നിയമപരമായി നേരിടും. കേസെടുത്തത് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഗണപതി ഭഗവാനും വിശ്വാസത്തിനും വേണ്ടി യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി സംഘടിപ്പിച്ച പരിപാടിയാണത്. കേസെടുത്തത് കൊണ്ട് പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും സംഗീത് കുമാര്‍ പറഞ്ഞു.
എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയുമാണ് കേസ്. കന്റോണ്‍മെന്റ്, ഫോര്‍ട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് നിര്‍ദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും, വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ പോലീസിനെ അറിയിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് സംഗീത് കുമാര്‍ വ്യക്തമാക്കി.