കൈപ്പട്ടൂർ : അച്ചൻകോവിലാറ്റിൽ നഞ്ച് കലക്കി മീൻപിടിക്കാൻ തുടങ്ങിയതോടെ കൈപ്പട്ടൂർ പമ്പ് ഹൗസിൽനിന്ന് പമ്പിങ് ജല അതോറിറ്റി നിർത്തിവെച്ചു. കൈപ്പട്ടൂർ പാലത്തിന് സമീപമുള്ള പമ്പ് ഹൗസിന്റെ പ്രവർത്തനമാണ് താത്‌കാലികമായി നിർത്തിയത്. ആറ്റിലെ വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം ഉയർന്നതിനെ തുടർന്നാണ് ജല അതോറിറ്റിയുടെ നടപടി. പരിശോധനയ്ക്കായി ആറ്റിലെ വെള്ളം ശേഖരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് ഓമല്ലൂർ മുള്ളനിക്കാട് ഭാഗത്ത് സാമൂഹികവിരുദ്ധർ ആറ്റിൽ നഞ്ച് കലക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽനിന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ നഞ്ച് കലക്കിയ സംഘത്തെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ പോലീസ് സംഘം മടങ്ങി.
ശനിയാഴ്ച രാവിലെ കൈപ്പട്ടൂർ പാലത്തിന് താഴെയായി വലയുമായി സംഘം വീണ്ടും മീൻപിടിത്തം ആരംഭിച്ചു. പാലത്തിന് സമീപമാണ് ജല അതോറിറ്റിയുടെ പമ്പ് ഹൗസ്. നഞ്ച് കലക്കി ആറ്റ് വെള്ളം മലിനമാക്കപ്പെട്ടതായി സംശയമുയർന്നതോടെ പമ്പിങ് നിർത്തി. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ വിളവിനാലും ജല അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൈപ്പട്ടൂർ പമ്പ് ഹൗസിൽനിന്നാണ് അതോറിറ്റി ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നത്.