വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ് ചികിത്സ തേടിയിരുന്നതായി ഇകെ നായനാർ ആശുപത്രിയിലെ നേഴ്സിന്‍റെ വെളിപ്പെടുത്തൽ. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവർ പറഞ്ഞു.
എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടൻ വീട്ടിൽ ജോജോ പത്രോസാണ് വാഹനാപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവർ. ആദ്യം അദ്ധ്യാപകൻ എന്നാണ് ഇയാൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകൾ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസ്സിന്റെ ഡ്രൈവർ എന്നാണ് ഇവർ പറഞ്ഞതെന്നും നേഴ്സ് വ്യക്തമാക്കി.
അമിത വേഗത്തിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വെച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.