അങ്കമാലി : നേഴ്‌സിന്റെ സമയോചിത ഇടപെടല്‍ ബസ്സില്‍ തീരേണ്ട ജീവന്‍ തിരിച്ചു പിടിച്ചു. കൃത്യസമയത്തെ ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് അങ്കമാലി സ്വദേശിനി ഷീബ അനീഷ്. രാത്രി ജോലി കഴിഞ്ഞു രാവിലെ മടങ്ങുമ്പോള്‍ കഴിഞ്ഞ 16ാം തീയതി രാവിലെ 9.15നു കെഎസ്ആര്‍ടിസി ബസിലാണ് പെട്ടെന്ന് യുവാവ് കുഴഞ്ഞുവീണത്. കറുകുറ്റി കേബിള്‍ ജംഗ്ഷനില്‍ നിന്നും ബസില്‍ കയറിയ ഷീബയുടെ പിന്നില്‍ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ഫുട്‌ബോര്‍ഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പള്‍സ് നോക്കിയപ്പോള്‍ കിട്ടാതിരുന്നതിനാല്‍ പെട്ടെന്ന് തന്നെ സിപിആര്‍ നല്‍കി ഇതിനിടെ സഹയാത്രികരോട് പോലീസ്, ആംബുലന്‍സ് സംവിധാനങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. പള്‍സ് കിട്ടാതെ വന്നതോടെ സിപിആര്‍ നല്‍കാനാണ് തോന്നിയത്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാം എന്നു പറഞ്ഞെങ്കിലും ബസ് നിര്‍ത്താന്‍ പറ്റില്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നുമുണ്ടായത്. സഹയാത്രികരോട് ഫോണ്‍ എടുത്തു തരാന്‍ പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ച് ഐസിയു ആംബുലന്‍സ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. സിപിആര്‍ രണ്ടു സൈക്കിള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അപസ്മാരവും ഉണ്ടായി. തുടര്‍ന്ന് ചെരിച്ചു കിടത്തി പുറം തട്ടി കൊടുക്കുകയും ചെയ്തപ്പോള്‍ ബോധം വീഴുകയായിരുന്നു.
ആദ്യ സിപിആര്‍ കൊടുത്തതോടെ ആള് അനങ്ങാന്‍ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആര്‍ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്‌സിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകള്‍ നല്‍കി. ഇതിനിടെ ഉണര്‍ന്ന യുവാവ് ആദ്യം അമ്പരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോകണമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്താമെന്നാണു ബസ് ജീവനക്കാര്‍ പറഞ്ഞത്.
അങ്കമാലിയില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. അങ്കമാലി സ്വദേശി വിഷ്ണു (24) ആണ് ബസില്‍ അബോധാവസ്ഥയിലായത്. ഇയാള്‍ക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്‌നങ്ങളില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകള്‍ക്കായി എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തില്‍ ഇടപെടാനുള്ള ധൈര്യം നല്‍കിയതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഏഴു മാസമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐസിയുവിലാണ് ജോലി. ഭര്‍ത്താവ് പി.എസ് അനീഷ് പിറവം ചിന്‍മയ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്.