ഡല്‍ഹി എയിംസിലെ നഴ്സുമാര്‍ സമരം അവസാനിപ്പിച്ചു. ഡ്യൂട്ടി സമയം കുറയ്ക്കുന്നത് അടക്കമുള്ള നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. അതേസമയം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാനൂറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരില്ലെന്ന് വ്യക്തമാക്കി ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ രംഗത്തുവന്നു.
രാജ്യതലസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈവിട്ടതോടെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികില്‍സ നല്‍കണമെന്ന തീരുമാനം ഡല്‍ഹി സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തില്‍ ആംആദ്മി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ചികില്‍സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയാണ്.
അതേസമയം നാലായിരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. ഡല്‍ഹിയിലെ പ്രധാന ആശുപത്രികളായ എയിംസില്‍ 500, സര്‍ ഗംഗാറാമില്‍ 400, ആര്‍.എം.എല്‍, എല്‍.എന്‍.ജെ.പി എന്നിവിടങ്ങളില്‍ ഇരുന്നൂറും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. നിലവാരമില്ലാത്ത പി.പി.ഇ കിറ്റുകള്‍ ഉപയോഗിക്കുന്നതിനാലാണ് ഈയവസ്ഥയെന്ന് നഴ്സുമാര്‍ പറയുന്നു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിതരായതോടെ മറ്റ് രോഗികളുടെ ചികില്‍സയും വഴിമുട്ടി.