പത്തനംതിട്ട: നഴ്സിങിന് പഠിക്കുകയായിരുന്ന മകളുടെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. റാന്നി പെരുനാട് പുതുക്കട ചെമ്പാലൂര്‍ ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരന്‍ കാമുകനാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.
സ്‌കൂള്‍ കാലഘട്ടത്തിലെ സഹപാഠിയുമായി പ്രണയത്തിലായിരുന്നു മകള്‍. കാമുകന്റെ വിളിയോ സന്ദേശമോ വന്ന ശേഷമാണ് മകള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചതെന്ന് മാതാവ് ആശ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി ഏഴോടെയാണ് അക്ഷയ വീടിനുള്ളില്‍ സ്വന്തം മുറിയില്‍ ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ ക്ലാസിനായി മുറിയില്‍ കയറിയ അക്ഷയയുടെ മരണം സംബന്ധിച്ച് സൂചന നല്‍കിയത് ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയാണ്. ആ കുട്ടി മാതാവിനെ വിളിച്ച് അക്ഷയ കാമുകനുമായി പിണങ്ങിയെന്നും അവളെ ഒന്നു ശ്രദ്ധിക്കണമെന്നും അറിയിച്ചിരുന്നു. തൊട്ടു പിന്നാലെ മാതാവ് നോക്കുമ്പോള്‍ അക്ഷയയുടെ മുറി ഉള്ളില്‍ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന അക്ഷയയുടെ അമ്മാവന്‍ കതക് ചവിട്ടിത്തുറന്നപ്പോള്‍ അക്ഷയ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ അസ്വാഭാവികമായ ചില മൊബൈല്‍ സന്ദേശങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ സംശയം ഉയര്‍ത്തിയതിനെ പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് പോലീസ് ആദ്യം നിര്‍ദേശിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം അയയ്ക്കാനുള്ള തീരുമാനം പിന്നീട് മാറ്റുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തുകയുമായിരുന്നു. ഇതിന് പിന്നില്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ മാതാവ് ആശ ആരോപിക്കുന്നു.
തുടര്‍ന്ന് മകളുടെ സുഹൃത്തുകളില്‍ ചിലരും ആത്മഹത്യയില്‍ സംശയം ഉയര്‍ത്തി. പ്രണയത്തില്‍ അകപ്പെട്ട മകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി പിതാവ് അനൂപ് റാന്നി പെരുനാട് പോലിസ് സ്റ്റേഷനില്‍ ഫെബ്രുവരി 18 ന് പരാതി നല്‍കി. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന പൂവത്തുംമൂട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും അദ്ധ്യാപികയായിരുന്ന മാതാവും കുലം പറഞ്ഞ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. പഠനത്തിലും കലാരംഗത്തും മികച്ച നിലവാരം പുലര്‍ത്തിയിരുന്ന മകള്‍ ബ്ലാക്ക് മെയിലിങ്ങിന് വിധേയയായതായി സംശയിക്കുന്നതായും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും ഡയറിയും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
പരാതി സ്വീകരിച്ച പെരുനാട് പോലിസ് തുടര്‍നടപടികള്‍ക്ക് മുതിരുന്നില്ലെന്ന് അനൂപ് പറയുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതുള്‍പ്പെടെ ശാസ്ത്രീയവും നീതിപൂര്‍വകവുമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവത്തിന് മുമ്പ് കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും പരിശോധിച്ചാല്‍ മകളുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്താനാകുമെന്നും പരാതിയില്‍ പറയുന്നു.
പാറശാല സരസ്വതിയമ്മ കോളജ് ഓഫ് നേഴ്സിങിലെ വിദ്യാര്‍ത്ഥിനിയാണ് അക്ഷയ. മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോലിസ് അന്വേഷണം നീതിപൂര്‍വമല്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് ജി അനൂപ്, മാതാവ് ആശ ടി ഉത്തമന്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ബിജു മോടിയില്‍ എന്നിവര്‍ പറഞ്ഞു.