മോക്ഷം നല്കുന്ന ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന് തുടക്കമായതോടെ പരബ്രഹ്മ സ്തുതികളാൽ മുഖരിതമായിരിക്കുകയാണ് ഓച്ചിറ ക്ഷേത്രവും പരിസരവും. പരബ്രഹ്മത്തെ ആരാധിച്ച് മോക്ഷം നേടാൻ വിശ്വാസികളെത്തുന്ന ദിവസങ്ങളാണിത്. മനുഷ്യനും പ്രകൃതിയും തമ്മിൽ അകലങ്ങളോ അതിരുകളോ ഒന്നുമില്ലെന്നും ഒന്നിനു മറ്റൊന്നില്ലാതെ നിലനിൽപ്പില്ലെന്നും ഓർമ്മിപ്പിച്ച് നിൽക്കുന്ന ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവം ഒരു നാടിന്‍റെ തന്നെ ആഘോഷമാണ്. പരബ്രഹ്‌മ ചൈതന്യത്തിന്റെ മൂലസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവം നവംബർ 17ന് ആരംഭിച്ചു. 12 ദിവസം നീണ്ടു നിൽക്കുന്ന പന്ത്രണ്ട് വിളക്ക് മഹോത്സവം 28 നു സമാപിക്കും. പരബ്രഹ്മത്തിനു മുന്നിൽ ഭജനം പാർക്കാനായി നൂറുകണക്കിനാളുകളാണ് ഇവിടെയെത്തിയിട്ടുള്ളത്. പ്രത്യേക പൂജകളോ ശ്രീകോവിലോ പ്രതിഷ്ഠകളോ ഒന്നും ഇല്ലാത്ത അപൂർവ്വ ക്ഷേത്രം കൂടിയാണിത്.
മണ്ണ് പ്രസാദമായി നല്കുന്ന ക്ഷേത്രം
മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്ന ക്ഷേത്രമാണ് ഓച്ചിറ. രൂപമില്ലാത്ത പരബ്രഹ്മത്തെയാണ് ഇവിടെ ആരാധിക്കുന്നത്. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന മൂർത്തിയാണ് ഓച്ചിറയിലെ പരബ്രഹ്മമെന്നാണ് വിശ്വാസം. മാത്രമല്ല വിശ്വാസികൾക്ക് ഇവിടെ പ്രസാദമായി നല്കുന്നത് മണ്ണ് ആണ്. കൂടാതെ വഴിപാടിലും ഈ വ്യത്യാസം ഉണ്ട്. ഓച്ചിറയിലെ കണ്ടത്തിലെ മണ്ണിൽ കിടന്നുരുളുന്നതാണ് ഇവിടുത്തെ വഴിപാട്. ത്വക്ക് രോഗങ്ങൾ മാറാൻ ഇത് ഫലപ്രദം ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പന്ത്രണ്ട് വിളക്ക് മഹോത്സവം
വൃശ്ചികം ഒന്നു മുതൽ 12 രെ എല്ലാ വർഷവും നടത്തപ്പെടുന്ന ആഘോഷമാണ് ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം. കൊല്ലത്തു നിന്നു മാത്രമല്ല സമീപ ജില്ലകളിൽ നിന്നും ഭജനമിരിക്കാനും പ്രാർത്ഥിക്കാനുമായി വിശ്വാസികളെത്താറുണ്ട്. 12 വിളക്ക് ആചരണത്തിനു പിന്നിൽ ചില വിശ്വാസങ്ങളുണ്ട്. പറയി പെറ്റ പന്തീരുകുലത്തിലെ പന്ത്രണ്ടുപേരും പരബ്രഹ്മത്തെ ധ്യാനിച്ചു പൂജകൾ നടത്തിയതിന്‍റെ ഓർമ്മയിലാണത്രെ ഈ പന്ത്രണ്ട് വിളക്ക് മഹോത്സവം ആചരിക്കുന്നത്.
പന്ത്രണ്ട് ദിവസവും ഭജനമിരുന്ന് പ്രാർത്ഥിച്ചാല്‍ പാപങ്ങൾ മാറി അനുഗ്രഹങ്ങൾ ലഭിക്കുമെന്നും അത് ജീവിതത്തിലുടനീളം കൂടെയുണ്ടാകുമെന്നുമാണ് വിശ്വാസം. ഈ സമയത്തെ ക്ഷേത്രദർശനം നടത്തുന്നതും ഒരുപാട് ഐശ്വര്യം നല്കുമത്രെ. പരബ്രഹ്മത്തിന് അഭിമുഖമായും അല്ലാതെയും കുടിലുകൾ കെട്ടി ഭജനമിരിക്കാൻ സാധിക്കും. കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, സേവപ്പന്തലുകള്‍, ഓംകാരം സത്രം, പരബ്രഹ്മ സത്രം, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും ഭജനം പാർക്കാൻ സൗകര്യം ഉണ്ട്. കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസ് പന്ത്രണ്ട് വിളക്ക് വൃശ്ചികോത്സവത്തിന്‍റെ ഭാഗമായി കെഎസ്ആർടിസി സ്പെഷ്യല‍് സർവീസുകൾ ആരംഭിച്ചു. ഓച്ചിറയിൽ നിന്നും മാവേലിക്കര, ചവറ, ചൂനാട്, താമരക്കുളം, അഴീക്കൽ, പറയകടവ്, ആലപ്പാട്, വള്ളിക്കാവ്, വലിയഴീക്കൽ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, ശിവനട, ഹരിപ്പാട് , പാവുമ്പ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ മേഖലകളിലേക്ക് സർവ്വീസുകൾ നടത്തുന്നതാണ്. ഇതിന് പുറമെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മറ്റ് പ്രദേശങ്ങളിലേക്കും സർവ്വീസുകൾ ക്രമീകരിക്കും. കായംകുളം കെഎസ്ആർടിസിയും പ്രത്യേക സർവീസ് ആരംഭിക്കും. 23 സ്പെഷ്യൽ ബസുകൾ കായംകുളം യൂണിറ്റിന് കെഎസ്ആർടിസി അനുവദിച്ചിട്ടുണ്ട്. മിനിമം നിരക്ക് 13 രൂപയായിരിക്കും. വിശദ വിവരങ്ങൾക്ക് കെ.എസ്.ആർ.ടി.സി കായംകുളം യൂണിറ്റുമായി ബന്ധപ്പെടാം. ഫോൺ നമ്പര്‍- 0479 2442022 കായംകുളത്തു നിന്നും ഓച്ചിറയിലേക്ക് 9 കിലോമീറ്റർ ദൂരമേയുള്ളൂ.