ന്യൂഡല്‍ഹി: ഹാട്രിക് മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവരാണ് ഇവര്‍. തുടര്‍ച്ചയായി മൂന്നാംതവണയാണ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വരാണസിയില്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡല്‍ഹിയുടെ മാറ്റത്തിന് ചുക്കാന്‍പിടിച്ച വിവിധ മേഖലകളില്‍നിന്നുള്ള 50 പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികള്‍. ഇവര്‍ കെജ്രിവാളിനൊപ്പം വേദി പങ്കിട്ടു. നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹി ജനതയെ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്.
അധ്യാപകര്‍, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍, മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍, ബസ് മാര്‍ഷല്‍മാര്‍, സിഗ്നേച്ചര്‍ പാലത്തിന്റെ ശില്പികള്‍, ജോലിക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍, ബൈക്ക് ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണത്തൊഴിലാളികള്‍, വീട്ടുപടിക്കല്‍ സേവനമെത്തിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിട്ടത്.
‘മിനി മഫ്ളര്‍മാന്‍’, ‘ബേബി കെജ്രിവാള്‍’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരുവയസ്സുകാരന്‍ അവ്യാന്‍ തോമറായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. അതിഷി, രാഘവ് ചദ്ധ എന്നീ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പിന്നീട് ഇവരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച കെജ്രിവാളിന്റെ വീട്ടില്‍ നടന്ന അത്താഴ വിരുന്നിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. അടുത്ത മൂന്ന് മാസത്തേക്ക് സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതി സംബന്ധിച്ച ചര്‍ച്ച നടന്നു. കഴിഞ്ഞ തവണത്തെ മന്ത്രിസഭയില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ഊട്ടി ഉറപ്പിക്കുമെന്നും മനീഷ് സിസോദിയ പറഞ്ഞു.