തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ യു.ജി.സി ചട്ടങ്ങളെല്ലാം പാലിക്കണമെന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിലവിലുള്ള പി.എച്ച്.ഡി യോഗ്യതയ്ക്കും 15 വര്‍ഷത്തെ അദ്ധ്യാപന സര്‍വ്വീസിനും പുറമെ അധിക യോഗ്യതകള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതിനുപകരം സീനിയോറിറ്റി മാത്രം മാനദണ്ഡമായി നിയമനം നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തവെയാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് വന്നിരിക്കുന്നത്.
നിലവില്‍ 44 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇവരില്‍ 35 പേര്‍ക്കാണ് പുതുക്കിയ മാര്‍ഗനിദേശം പ്രകാരമുള്ള യോഗ്യതയുള്ളത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകര്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അതേസമയം, പുതിയ ചട്ടം നടപ്പാക്കാന്‍ 2021 വരെ സമയമുണ്ടെന്നാണ് സീനിയോറിറ്റി നിയമനങ്ങള്‍ക്കായി വാദിക്കുന്നവര്‍ പറയുന്നത്.
2018ലെ പുതിയ യു.ജി.സി മാര്‍ഗനിര്‍ദേശ പ്രകാരം കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിലവിലുള്ള പി.എച്ച്.ഡി യോഗ്യതയ്ക്കും 15 വര്‍ഷത്തെ അദ്ധ്യാപന സര്‍വ്വീസിനും പുറമെ അധിക യോഗ്യതകള്‍ നിശ്ചയിച്ചിരുന്നു. യു.ജി.സി അംഗീകൃത ജേണലുകളില്‍ ചുരുങ്ങിയത് പത്ത് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നതും ഗവേഷണ സ്കോര്‍ 110 എങ്കിലും വേണമെന്നതും ആയിരുന്നു ഇത്. യു.ജി.സി നിര്‍ദേശം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമാണ്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങുകയും അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. പിന്നീട് പ്രിന്‍സിപ്പല്‍ തസ്തികയില്‍ ചട്ടം മറികടന്ന് സീനിയോറിറ്റി പ്രകാരം താത്ക്കാലിക നിയമനം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.