ആലപ്പുഴ : കൊച്ചിയിൽ നിരീക്ഷണം ശക്തമായതോടെ ലഹരിസംഘങ്ങൾ ആലപ്പുഴയിൽ താവളമാക്കാൻ സാധ്യതയെന്ന് എക്സൈസ് വിലയിരുത്തൽ. ക്രിസ്മസ്-പുതുവർഷക്കാലത്ത് ലഹരിപ്പാർട്ടികൾ നടക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് ആലപ്പുഴയിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. എക്സൈസ് ഇന്റലിജൻസിനാണു ചുമതല.
അടുത്തിടെ മോഡലുകളുടെ വാഹനാപകടവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ലഹരിപ്പാർട്ടികൾക്കെതിരെ കർശനനടപടിയും പരിശോധനയുമാണു നടക്കുന്നത്. അതിനാൽ പഴയതുപോലെ അവിടെ റേവ് പാർട്ടികൾ നടത്താനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ലഹരിസംഘം ആലപ്പുഴയിൽ കണ്ണുവെക്കാമെന്നാണു വിലയിരുത്തൽ.
വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ ആലപ്പുഴയിലും സമീപങ്ങളിലുമായി ഒട്ടേറെ ഹോട്ടലുകളും ഹോം സ്റ്റേകളുമുണ്ട്. ആകെ എത്രയുണ്ടെന്ന കൃത്യമായവിവരം ആരുടെയും കൈയിലുമില്ല. ബീച്ചും കായലുമായും ബന്ധപ്പെട്ട് ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്നയിടങ്ങളുണ്ട്. ആലപ്പുഴയിൽ ഡി.ജെ. പാർട്ടികൾ പൊതുവെ കുറവാണ്.
ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റുമാണു ചെറുതായെങ്കിലും നടക്കുന്നത്. അതും വിശേഷ ദിവസങ്ങളിൽ മാത്രം. ജില്ലയിലെ പാർട്ടികളിൽ ആധുനിക ലഹരിമരുന്നുകൾ കണ്ടെത്തിയിട്ടുമില്ല. എങ്കിലും കൊച്ചിയിലെ പുതിയ സാഹചര്യത്തിൽ ജാഗ്രതപാലിക്കാനാണ് എക്സൈസിന്റെ തീരുമാനം.