പത്തനംതിട്ട : ശബരി റെയിൽപാതയുടെ തടസ്സം സംസ്ഥാന സർക്കാരിൻറെ അനാസ്ഥയെന്ന് ആന്റോ ആന്റണി എംപി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി റെയിൽപാതയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാത്തതിനുള്ള കാരണം 50% എക്സ്പെൻഡിച്ചർ സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്നുള്ളതിന്റെ ഉറപ്പും നടപടിക്രമവും പാലിക്കാത്തതു കൊണ്ടാണ്. ശബരി റെയിൽവേക്കുവേണ്ടി കടമെടുപ്പ് പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൊടുക്കേണ്ടിയിരുന്നത് ധനകാര്യമന്ത്രാലയത്തിലായിരുന്നു. എന്നാൽ അതിനു പകരം സംസ്ഥാന സർക്കാർ കത്ത് കൊടുത്തിരിക്കുന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലാണ്. ഇപ്പോഴത്തെ തടസ്സം സംസ്ഥാന സർക്കാരിൻറെ അനാസ്ഥയും നടപടിക്രമങ്ങൾ പാലിച്ച് ധനമന്ത്രാലയത്തിന് കത്ത് നൽകാത്തതുമാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചതായി എംപി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല സ്റ്റേഷന്റെ വികസനത്തിൽ റെയിൽവേക്ക് അനുകൂല നിലപാടാണ്. 16350 നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്‌പ്രസിന് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കും. നിലവിൽ തിരുവല്ലയിൽ സ്റ്റോപ്പ് ഇല്ലാത്ത വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതും റിസർവേഷൻ ക്വോട്ട വർദ്ധിപ്പിക്കണമെന്നുമുള്ള ആവശൃവും പരിഗണനയിലാണ്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടം വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയായി വരുന്നു. യാത്രക്കാരുടെ ഒഴുക്ക് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന തരത്തിൽ രണ്ടാം പ്രവേശനപാതയുടെ സാധൃതാപഠനം നടത്തും.
ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണ സൗകര്യങ്ങൾ തുടങ്ങി തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരിഗണിക്കും. പുലർച്ചെ സമയത്ത് തിരുവല്ലയിലൂടെ യാത്ര ചെയ്യുന്നവർക്ക് സ്ലീപ്പർ ക്ലാസ്സിലേക്ക് ആവശ്യത്തിന് റിസർവേഷൻ കോട്ട അനുവദിച്ചു. എസി റെസ്റ്റ് റൂമുകളും ക്ലോക്ക് റൂമുകളും യാത്രക്കാരുടെ എണ്ണം കൂടി വരുന്നതിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. ടിക്കറ്റ് കൗണ്ടറിൽ വരുന്നവർക്ക് താൽക്കാലിക പാർക്കിങ് സംവിധാനം ഏർപ്പെടുത്തും ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ₹10രൂപയും മുച്ചക്ര/ നാലുചക്ര വാഹനങ്ങൾക്ക് ₹30 രൂപയും (രണ്ട് മണിക്കൂർ വരെ) ഫീസ് ഈടാക്കും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് പച്ചപ്പ് സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് ബസ് സർവ്വീസ് ഏകോപിപ്പിക്കും. അന്യ സംസ്ഥാന തൊഴിലാളികളുടെ സൗകര്യാർത്ഥം ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കും. മെമു റേക്കുകളുടെ അലോട്ട്മെന്റ് അനുസരിച്ച് മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണ്. ഗുഡ്സ് ഷെഡിൽ തൊഴിലാളികൾക്കും സ്റ്റാഫിനും വേണ്ടതായ സൗകര്യങ്ങൾ ഒരുക്കും. പ്ലാറ്റ്ഫോം നമ്പർ 1-ലെ എസ്കലേറ്ററിന് സമീപം ഷെൽട്ടർ നിർമ്മിക്കും. തപാൽ ഉരുപ്പടികളുടെ നീക്കം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ പോസ്റ്റിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ റെയിൽ സർവീസ് പരിഗണിക്കും. തിരുവല്ല റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നൽകിയ എല്ലാ നിർദ്ദേശങ്ങളും റെയിൽവേ തത്വത്തിൽ അംഗീകരിക്കുകയും ആവശ്യമായ ശുപാർശകൾ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്യുമെന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ഉറപ്പ് ലഭിച്ചതായും ആന്റോ ആന്റണി എം.പി പറഞ്ഞു.