പത്തനംതിട്ട : ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകള്‍ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഒഡിഎഫ് (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തി. തുമ്പമണ്‍, ആറന്മുള, പന്തളം – തെക്കേക്കര, പള്ളിക്കല്‍, കൊടുമണ്‍, ചെറുകോല്‍, കവിയൂര്‍, ആനിക്കാട്, കല്ലൂപ്പാറ, അരുവാപ്പുലം, നിരണം, കുളനട, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ഒഡിഎഫ് പ്ലസ് പദവി പ്രഖ്യാപനം നടന്നത്. ജില്ലയിലെ ബാക്കി പഞ്ചായത്തുകളും വരും ദിവസങ്ങളില്‍ ഒഡിഎഫ് പ്ലസ് പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ്.
തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
ഒഡിഎഫ് പ്ലസ് പദവി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
എല്ലാവീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതു ഇടങ്ങള്‍ വൃത്തിയുള്ളതും മലിനജലം കെട്ടിനില്‍ക്കാതെയും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങള്‍ ഇല്ലാതെയും സംരക്ഷിക്കുക, വീടുകളിലും, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ പൊതുസ്ഥാപനങ്ങളിലും അജൈവ, ജൈവമാലിന്യങ്ങളും, ദ്രവമാലിന്യങ്ങളും സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, കമ്മ്യൂണിറ്റി തല ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ ഒരുക്കുക, പ്ലാസ്റ്റിക്ക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനുമുള്ള എംസിഎഫ് സംവിധാനം ഒരുക്കുക, ഹരിത കര്‍മസേനയുടെ സേവനം ലഭ്യമാക്കുക, ഒഡിഎഫ് പ്ലസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറ് വിവരവിജ്ഞാന വ്യാപന ബോര്‍ഡുകളും പ്രാമുഖ്യത്തോടെ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍.