ഭുവനേശ്വര്‍: ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ സംഘം പോലീസിനുനേരെ കല്ലേറ് നടത്തി. കട്ടക്ക് നഗരത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ഏതാനും പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറ് നടത്തിയ സംഘത്തില്‍പ്പെട്ട ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദശത്തെ ആരാധനാലയത്തിന് സമീപം കൂടിനിന്ന യുവാക്കളോട് പോലീസ് വീടുകളിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്ന യുവാക്കള്‍ പിന്നീട് പോലീസിനുനേരെ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസിനെ അക്രമിച്ച യുവാക്കളെ കണ്ടെത്തി കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതിനിടെ ഒഡീഷ തലസ്ഥാനമായ ഭുവനേശ്വര്‍, കട്ടക്ക്, ഭദ്രാക്ക് നഗരങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഒഡീഷ സര്‍ക്കാര്‍ ഞായറാഴ്ച വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കാത്ത സാഹചര്യതത്തിലാണിത്. സംസ്ഥാനത്തെ മറ്റിടങ്ങളിലെല്ലാം ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.