ഭുവനേശ്വര്‍: ഒഡീഷ മുന്‍ മന്ത്രിയും ബിജെഡി (ബിജു ജനതാ ദള്‍) എംഎല്‍എയുമായ പ്രദീപ് മഹാരതി കോവിഡ് 19 ബാധിച്ച് അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 14-നാണ് മുതിര്‍ന്ന ബി.ജെ.ഡി നേതാവായ മഹാരതിക്ക് കോവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
പിപിലി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1985 ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ മഹാരതി ഒഡീഷ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിപിലിയില്‍ നിന്ന് ഏഴു തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് അദ്ദേഹം. അതില്‍ അഞ്ച് തവണ ബിജു ജനതാ ദള്‍ (2000-2019) ടിക്കറ്റിലും ജനതാ പാര്‍ട്ടി (1985), ജനതാദള്‍ (1990) ടിക്കറ്റുകളില്‍ ഓരോ തവണ വീതവും തിരഞ്ഞെടുക്കപ്പെട്ടു.
ഒഡീഷയിലെ ഭരണകാലത്ത് പഞ്ചായത്തിരാജ്, കുടിവെള്ള വിതരണം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ മഹാരതി കൈകാര്യം ചെയ്തിരുന്നു. കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മഹാരതിയെ 2016 ല്‍ ആഗോള കാര്‍ഷിക നേതൃത്വ അവാര്‍ഡും 2014-15 ലെ കൃഷി കര്‍മന്‍ അവാര്‍ഡും നല്‍കി ആദരിച്ചിരുന്നു.