ദില്ലി: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. റിട്ടയേര്‍ഡ് ജഡ്ജിന്റെ നേതൃത്വത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സുപ്രീംകോടതി അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ഒഡീഷയില്‍ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 1000ലേറെ തൊഴിലാളികള്‍ സ്ഥലത്ത് ജോലി ചെയ്യുന്നുണ്ട്. അപകടത്തില്‍ തകര്‍ന്ന ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കം ചെയ്തതായി സൗത്ത് ഈസ്റ്റേണ്‍ റയില്‍വേ അറിയിച്ചു. ട്രാക്കിന്റെ പുനര്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.