ഡീസൽ കാറുകളുടെ ഗുഡ്സ് സർവ്വീസ് ടാക്സ് (ജിഎസ്ടി) 10 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പദ്ധതിയെക്കുറിച്ചുള്ള വാർത്ത ഇന്ത്യൻ കാർ വിപണി ഞെട്ടലോടെയാണ് അഭിമുഖീകരിച്ചത്. ടാറ്റയും മഹീന്ദ്രയും ഉൾപ്പടെ പല പ്രമുഖ വാഹന നിർമ്മാതാക്കളുടെ ഓഹരിയെ പോലും ഇത് സാരമായി ബാധിച്ചു. എന്നാൽ, ഗഡ്കരി തന്റെ നിർദ്ദേശം നിരാകരിക്കുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്റെ പ്രസ്താവന പിൻവലിക്കുകയും ചെയ്തു. സമീപഭാവിയിൽ ഡീസൽ കാറുകളുടെ ഉപയോഗവും വിൽപ്പനയും കുറയ്ക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ടെങ്കിലും, വാങ്ങാൻ തയ്യാറുള്ള ഉപഭോക്താക്കൾ ഉള്ളിടത്തോളം കാലം കമ്പനി ഡീസൽ കാറുകൾ നിർമ്മിക്കുന്നത് തുടരുമെന്ന് ടാറ്റ മോട്ടോർസ് ശക്തമായ പ്രസ്താവന പുറത്തിറക്കി. ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ഇലക്ട്രിക് മൊബിലിറ്റിയുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര തന്റെ സമീപകാല പ്രസ്താവനകളിലൊന്നിൽ, വിപണിയിൽ ഡിമാൻഡ് ഉള്ളിടത്തോളം കാലം ഡീസൽ കാറുകൾ നിർമ്മിക്കുന്നതും വിൽക്കുന്നതും ടാറ്റ മോട്ടോർസ് തുടരുമെന്ന് പ്രസ്താവിച്ചു. ഡീസൽ കാറുകൾക്ക്, പ്രത്യേകിച്ച് പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇപ്പോഴും കാര്യമായ ഡിമാൻഡ് ഉണ്ടെന്ന് ചന്ദ്ര വിശദ്ധീകരിച്ചു.
എന്നിരുന്നാലും, BS-VII എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ ഈ ഡിമാൻഡ് കുറഞ്ഞേക്കാം. കൂടാതെ ഈ എമിഷൻ മാനദണ്ഡങ്ങൾ ഡീസൽ എഞ്ചിനുകളും അതിന്റെ ഫലമായി ഡീസൽ കാറുകളും കൂടുതൽ ചെലവേറിയതാക്കും. പാസഞ്ചർ വാഹന വിഭാഗത്തിൽ ഡീസൽ വാഹനങ്ങളുടെ വിൽപ്പന തുടർച്ചയായി ഇടിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ 12 മുതൽ 15 ശതമാനം മാത്രമാണ് ഉള്ളതെന്നും ശൈലേഷ് ചന്ദ്ര തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. പുതുക്കിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട അധിക ചെലവുകളാണ് ഡീസൽ കാറുകളുടെ ഡിമാൻഡ് കുറയുന്നതിന് കാരണമായത്. ഡീസൽ കാറുകൾക്ക് ഇന്ന് മുമ്പത്തേക്കാൾ വളരെ വില കൂടുതലാണ്. ഡീസൽ കാറുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തം കാരണം, ഭാവിയിൽ കാർ വാങ്ങിയേക്കാവുന്നവരെ പോലും ഡീസൽ തെരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതാണ്. എന്നിരുന്നാലും, പ്രീമിയം കോംപാക്ട്, മിഡ് സൈസ് എസ്‌യുവി വിഭാഗങ്ങളിൽ, നിരവധി ഉപഭോക്താക്കളും തങ്ങളുടെ വിപുലമായ പ്രതിമാസ ഉപയോഗം കാരണം പെട്രോൾ, ഇലക്ട്രിക് എന്നിവയെക്കാൾ ഡീസൽ എഞ്ചിനുകൾക്ക് ഇപ്പോഴും മുൻഗണന നൽകുന്നു. അത്തരം ഉപഭോക്താക്കൾക്കായി, ടാറ്റ മോട്ടോർസ് ഡീസൽ എസ്‌യുവികൾ നിർമ്മിക്കുന്നത് തുടരും. അതേസമയം മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ ബ്രാൻഡ് പ്രതിജ്ഞാബദ്ധമാണ്