പത്തനംതിട്ട : ശബരിമലയിലെ അടിയന്തിര വൈദ്യസഹായങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സ് സജ്ജമായി. ഭക്തരുടെ തിരക്ക് ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ കാനനപാതയിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഓഫ് റോഡ് ആംബുലന്‍സ് വാഹനമാണ് അപ്പാച്ചിമേടില്‍ നിലയൊറപ്പിച്ചിട്ടുള്ളത്. അപ്പാച്ചിമേട് – നീലിമല – സന്നിധാനം പാതയില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കിയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനം സജ്ജമാക്കിയിരിക്കുന്നത്. ചരല്‍മേടില്‍ ഫോറസ്റ്റിന്റെ ആംബുലന്‍സും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
ശബരിമലയിലെ എല്ലാ പാതയിലും ഭക്തജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പ് സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയുട്ടുണ്ട്. വൈദ്യസഹായം ഉറപ്പാക്കി സന്നിധാനത്ത് 24 മണിക്കൂറും ആശുപത്രിയും പ്രവര്‍ത്തന സജ്ജമാണ്. കാര്‍ഡിയോളജിസ്റ്റ്, ഫിസിഷന്‍, സര്‍ജന്‍ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ആംബുലന്‍സ് മാര്‍ഗ്ഗം പമ്പ ആശുപത്രിയിലേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ അവിടെ നിന്നും പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലേക്കും കോന്നി മെഡിക്കല്‍ കോളേജിലേക്കും എത്തിക്കാനുള്ള സൗകര്യവുമുണ്ട്. ഭക്തജനങ്ങള്‍ക്ക് ആവശ്യ സാഹചര്യങ്ങളില്‍ 04735 203232 എന്ന നമ്പറില്‍ ബന്ധപ്പെടാം.