24.9 C
Pathanāmthitta
Saturday, June 18, 2022 9:16 pm

ലോക കേരളസഭ യു.ഡി.എഫ് ബഹിഷ്ക്കരിക്കുക തന്നെ ചെയ്യും ; കുമ്പളത്ത് ശങ്കരപ്പിള്ള

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടുകയും ജനാധിപത്യ സമരങ്ങള്‍ക്ക് എതിരെ നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലോക കേരള സഭ ബഹിഷ്‌ക്കരിക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് ഒ ഐ സി സി ഇൻകാസ് ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവില്‍ സമരം നയിക്കുമ്പോള്‍ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ക്ക് അത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സഭയില്‍ പങ്കെടുത്ത് പ്രതിഷേധം അറിയ്ക്കും. പ്രവാസി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനുള്ള വേദി വിനിയോഗിക്കുക എന്നതു മാത്രമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം തിരുവനതപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ലോക കേരളസഭാ സമ്മേളനം ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമാണ്. പ്രവാസികള്‍ക്ക് നാളിതുവരെ യാതൊരു പ്രയോജനവും ലഭിക്കാത്ത സഭയാണിത്. സാധ്യതകളേറെയുണ്ടായിട്ടും അത് വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഒന്നും, രണ്ടും ലോക കേരള സഭയെ നോക്കിക്കണ്ടത്. എന്നാല്‍ പ്രഖ്യാപനങ്ങളുടെയും പാഴ് ചര്‍ച്ചകളുടെയും മാത്രം വേദിയായി അത് അവസാനിക്കുകയായിരുന്നു. ഈ സഭയില്‍ പങ്കെടുക്കുന്ന യു.ഡി.എഫ് അംഗങ്ങള്‍ ഇത് സഭയില്‍ വിശദീകരിക്കും.

പ്രവാസി സമൂഹത്തിന് ഗുണകരമായതും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്നതുമായ പദ്ധതികളും ആശയങ്ങളും സഭയില്‍ നിന്ന് ഉയര്‍ന്നിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ എമര്‍ജിഗ് കേരളയും പ്രവാസി സംഗമവുമൊക്കെ ചെലവു ചുരുക്കി സംഘടിപ്പിക്കുകയും പ്രവാസികളുടെ നേട്ടങ്ങള്‍ക്കായി വഴിയൊരുക്കുന്നതുമായ സഭകളായിരുന്നു. ലോകത്തെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയെ വളര്‍ത്തുന്നതിനും മലയാളനാടിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനും കഴിയുന്നതാകണമായിരുന്നു ഈ സഭ. കേരളീയരുടെ പൊതു സംസ്‌കാരത്തെയും സാമൂഹിക സാമ്പത്തിക വികസനത്തെയും സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സംസ്ഥാനത്തിനകത്തുള്ള മലയാളികള്‍ക്ക് എന്നതുപോലെ പുറത്തുളള മലയാളികളുടെയും പങ്കാളിത്വം ഉറപ്പാക്കുക എന്ന ലോക കേരള സഭയുടെ ലക്ഷ്യം വികസനത്തെ കൂടുതല്‍ ആക്കം കൂട്ടുന്നതായിരുന്നു. എന്നാല്‍ മുന്‍ സഭകളുടെ നടത്തിപ്പ് അമ്പേ പരാജമായിരുന്നു.

പലപ്പോഴും സര്‍ക്കാരിന്റെ തല്‍പര കക്ഷികളായ ചിലരുടെ വേദിയായും ഇതുമാറി. ലോക കേരള സഭയില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായി നോര്‍ക്ക മുന്‍കൈയെടുത്ത് ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനിക്ക് രൂപം നല്‍കിയെങ്കിലും സി.പി.എം ഫ്രാക്ഷന്‍ പോലെയായി അതിന്റെ പ്രവര്‍ത്തനം. എല്ലാരെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതിന് പകരം രാഷ്ട്രീയ താല്‍പ്പര്യം കൊണ്ടുവന്നത് തിരിച്ചടിയായി. വഴിയോര വിശ്രമകേന്ദ്ര നിര്‍മ്മാണ പദ്ധതിയിലും വന്‍ ക്രമക്കേടാണ് നടന്നത്. പ്രവാസി ബാങ്ക് രൂപീകരിക്കാനുള്ള ചര്‍ച്ചകളും മുന്‍പത്തെ ലോക കേരളസഭയില്‍ നടന്നെങ്കിലും അതും എങ്ങുമെത്തിയില്ല. ഇരു സഭകളിലും നടന്ന ചര്‍ച്ചകളിലെ നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിലും അലംഭാവം ഉണ്ടായി.

പ്രവാസികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ ഈ സഭയ്ക്ക് കഴിയുന്നില്ല. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കി പ്രവാസികളെ സംരംഭങ്ങള്‍ തുടങ്ങാന്‍ കേരളത്തിലേക്ക് ക്ഷണിക്കുന്നതിന് പകരം പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിച്ച് നിലവിലുള്ളവ പൂട്ടിക്കെട്ടുന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ ഭരണമുന്നണിയിലെ തൊഴിലാളി സംഘടനകളുടേത്. മുപ്പത്ത് ലക്ഷത്തിന് മേല്‍ പ്രവാസികള്‍ കേരളത്തിലുണ്ടെന്നാണ് സമീപകാലത്ത് പുറത്ത് വന്ന ചില സര്‍വെകളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. അതില്‍ 25 ലക്ഷം പേരും ഗള്‍ഫ് നാടുകളിലെന്നതാണ് വസ്തുത. വിദേശനാണ്യ സമ്പാദനത്തിന്റെ ഏറിയ പങ്കും ഇതേ പ്രവാസ സമൂഹത്തിന്റെതാണെന്നത് സര്‍ക്കാരുകള്‍ പലപ്പോഴും മനഃപൂര്‍വ്വം വിസ്മരിക്കുന്നു. കേരളത്തിന് പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം താങ്ങും തണലുമായവരാണ് പ്രവാസികള്‍.

പ്രളയകാലത്തും കോവിഡ് കാലത്തും കയ്മെയ് മറന്ന് പ്രവാസ സമൂഹം സംസ്ഥാന വികാരത്തിന് ഒപ്പം നിന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് തിരിച്ച് നല്‍കിയത് എന്താണെന്ന് വ്യക്തമാക്കണം. പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച പല ക്ഷേമപദ്ധതികളും അക്കരകാണാതെ നിലച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുമെന്നത് വെറും പാഴ്‌വാക്കായി. ദീര്‍ഘകാലം പ്രവാസിയായി ജീവിച്ചിട്ടും ഒരു വീട് വെയ്ക്കാന്‍ പോലും കഴിയാത്ത നിരവധി പ്രവാസികള്‍ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് ജോബ് പോര്‍ട്ടല്‍ സൃഷ്ടിക്കുമെന്നും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്നെല്ലാം വാഗ്ദാനം നല്‍കി മുഖ്യമന്ത്രി. പ്രളയാനന്തര ഗള്‍ഫ് പര്യടനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇത്തരം പ്രഖ്യാപനം നടത്തിയത്.

വിദ്യാര്‍ത്ഥികള്‍ക്കായി കേരള പബ്ലിക് സ്‌കൂള്‍ ഗള്‍ഫ് നാടുകളില്‍ സ്ഥാപിക്കുമെന്നും ചെലവ് കുറഞ്ഞ താമസസൗകര്യത്തിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്ന് പറഞ്ഞതും ജലരേഖയായി. മരിച്ച പ്രവാസിയുടെ അവകാശിക്കുള്ള സാമ്പത്തിക സഹായം, അസുഖ ബാധിതര്‍ക്കുള്ള ചികിത്സാ ധനസഹായം, പെണ്‍കുട്ടികളുടെ വിവാഹധന സഹായം എന്നിവയെല്ലാം നിലച്ചു. 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ എന്ന വാഗ്ദാനം പ്രവാസി വാണിജ്യ ചേംബര്‍, എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, എയര്‍ കേരള, സഹകരണ മേഘലയില്‍ വിവിധയിനം പദ്ധതികള്‍ എല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി വെറും കടലാസ് പുലിയായിമാറി.

ഓരോ ഘട്ടത്തിലും നിരവധി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാരിനാവുന്നില്ല. സഭയുടെ ഘടനയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതായിരുന്നു. സഭയ്ക്ക് കൂടുതല്‍ അധികാരവും നിയമനിര്‍മാണം നടത്തുന്നതിനുള്ള ചുമതലയും ലഭ്യമാക്കിയാല്‍ ഓട്ടേറെ നവീന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിയുമായിരുന്നു. ഇതു സംബന്ധിച്ച യാതൊരു പ്രഖ്യാപവും ഉണ്ടാകാതെ പോയി. രാഷ്ട്രീയത്തിനും മതത്തിനും അധീതമായ ഒരു കൂട്ടായ്മയായും വികസന പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലില്ലായ്മ ഇല്ലാതാക്കുന്ന കരുതുറ്റ സഭയായും കേരളസഭയെ വാഴ്ത്താനുള്ള നടപടികള്‍ക്ക് കൂട്ടായ്മയും പൊതുജന പങ്കാളിത്വവും ആവശ്യമായിരുന്നു. ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനം തന്നെ ശുഷ്‌കരമായിരുന്നു. ലോക കേരളസഭയില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ഒ ഐ സി സി, ഇൻകാസ് ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

 

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular