കൂടുതല്‍ ഉപഭോക്താക്താക്കള്‍ക്ക് ഫെയിം II ആനുകൂല്യം ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂണിലാണ് ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിട്ടെങ്കിലും നമ്പര്‍ വണ്‍ കമ്പനിയായ ഓല ഇലക്ട്രിക് വീണ്ടും ട്രാക്കില്‍ കയറിയിരിക്കുകയാണ്. ഓല ഇലക്ട്രിക് ഇപ്പോള്‍ 2023 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പരസ്യപ്പെടുത്തി. ഓലയുടെ പുതിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി 2023 ഓഗസ്റ്റ് മാസത്തില്‍ 19,000-ത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 400 ശതമാനമാണ് വളര്‍ച്ച. ഇതൊരു വന്‍ മുന്നേറ്റമാണെന്ന് പറയേണ്ടതില്ലെല്ലോ. 30 ശതമാനം വിപണി വിഹിതവുമായി ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റിനെ നയിക്കുകയാണ് ഓലയിപ്പോള്‍.
ഓഗസ്റ്റ് 15-നാണ് ഓല ഇലക്ട്രിക് അവരുടെ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി പുതുക്കിയത്. ടോപ്‌സ്‌പെക് വേരിയന്റായ S1 പ്രോയുടെ രണ്ടാം തലമുറ പതിപ്പ് പുറത്തിറക്കിയതിനൊപ്പം താങ്ങാവുന്ന വിലയില്‍ S1X എന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറും പുറത്തിറക്കി. ഇത് ഓലയെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചുവെന്ന് വേണം കരുതാന്‍. വെറും രണ്ടാഴ്ച കൊണ്ട് 75000 ബുക്കിംഗുകളാണ് പുതിയ ഓല S1 റേഞ്ച് വാരിക്കൂട്ടിയത്. സമീപകാലത്തായി ഉല്‍പാദനം കൂട്ടാനായി ഓല തങ്ങളുടെ പ്ലാന്റ് വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഓല തങ്ങളുടെ പ്ലാന്റിന്റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റുകളാക്കി മാറ്റിയിട്ടുണ്ട്. നിലവില്‍ ഒല ഇലക്ട്രിക് ആകെ 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നുണ്ട്. S1 പ്രോ, S1 എയര്‍, S1X+ എന്നിവക്കൊപ്പം S1X ഇലക്ട്രിക് സ്‌കൂട്ടറും ലഭ്യമാണ്. 3 kWh, 2 kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ ഓല S1X ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം. ഈ സ്‌കൂട്ടറുകള്‍ എല്ലാം ഇപ്പോള്‍ കമ്പനിയുടെ രണ്ടാം തലമുറ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറാണ് ഇവയിലെ ഏറ്റവും വില കൂടിയ മോഡല്‍. 1,47,499 രൂപയാണ് ഇതിന്റെ ഇപ്പോഴത്തെ വില. ഫ്രണ്ടില്‍ ഡ്യുവല്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, ഫ്‌ലാറ്റ് ഫേ്‌ലാര്‍ബോര്‍ഡ്, ഭാരം കുറഞ്ഞ ഷാസി എന്നീ മാറ്റങ്ങളോടെയാണ് ഓല S1 പ്രോ ജെന്‍2 വിപണിയില്‍ എത്തിയത്.