ഒല സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിക്കൊണ്ട് മൂവ്ഒഎസ് 4 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എത്തി. ഒല എസ്1 ജെന്‍ 1 സ്‌കൂട്ടറുകളായ ഒല എസ്1 പ്രൊ (രണ്ടാം തലമുറ), എസ്1 എയര്‍ എന്നിവയില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പുതിയ ഒഎസ് ലഭിക്കുക. വരും മാസങ്ങളില്‍ മറ്റു ഒല സ്‌കൂട്ടറുകളിലും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ലഭ്യമാവും. ഒല ഇലക്ട്രിക് ആപ്പ് വഴി ഇനി മുതല്‍ സ്‌കൂട്ടറുകള്‍ ലൊക്കേറ്റ് ചെയ്യാനുള്ള സൗകര്യം മൂവ്ഒഎസ് 4 വഴി ലഭ്യമാവും. ഒല മാപ്പിലും പുതിയ നാവിഗേഷന്‍ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. ലേ ഔട്ടില്‍ മാറ്റം വരുത്തിയ നാവിഗേഷനില്‍ ഉപഭോക്താക്കളുടെ ഫേവറേറ്റ് ലൊക്കേഷനുകളും കൂട്ടിച്ചേര്‍ക്കാനാവും. ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ ഫീച്ചറിലും ഒല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ഒഎസില്‍ ഇകോ മോഡിലും ക്രൂസ് കണ്‍ട്രോള്‍ ഉപയോഗിക്കാനാവുമെന്നതാണ് പ്രധാന മാറ്റം. നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഓട്ടോ ടേണ്‍ ഓഫ് ഇന്‍ഡിക്കേറ്റേഴ്‌സ്, ടാംപര്‍ ആന്‍ഡ് ഫാള്‍ ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവയെല്ലാം യാത്രയിലുടനീളം റൈഡര്‍മാരെ സഹായിക്കും.
ജിയോഫെന്‍സിങ്, ടൈംഫെന്‍സിങ് എന്നിവയാണ് മൂവ്ഒഎസ്4 വഴി അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടത്. ടൈംഫെന്‍സിങ് വഴി ഉടമകള്‍ക്ക് സ്‌കൂട്ടറുകള്‍ ഓടിക്കാവുന്ന പ്രദേശങ്ങള്‍ക്ക് പരിധി നിശ്ചയിക്കാനാവും. പ്രത്യേകം മേഖലകളില്‍ ഏതൊക്കെ റൈഡിങ് മോഡുകളില്‍ ഓടിക്കാമെന്ന് തീരുമാനിക്കാനും ഇനി മുതല്‍ ഒല സ്‌കൂട്ടറുകളില്‍ സാധിക്കും. മറ്റാരെങ്കിലും സ്‌കൂട്ടറുമായി പോയാലും റൈഡിങ് മോഡില്‍ അടക്കമുള്ള നിയന്ത്രണം ജിയോഫെന്‍സിങ് വഴി ഉടമകള്‍ക്കായിരിക്കും. ബ്ലൂടൂത്ത് വഴിയോ ക്ലൗഡ് വഴിയോ പാസ്‌കോഡ് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ പാസ്‌വേഡ് മറന്നാലും എളുപ്പം തിരിച്ചുപിടിക്കാന്‍ സഹായിക്കും. ഒല ഇലക്ട്രിക് ആപ്പിലെ റൈഡ് ജേണല്‍ പുതിയ ഫീച്ചറാണ്. ഇതുവഴി നിങ്ങളുടെ ഒല സ്‌കൂട്ടറിന്റെ യാത്രയുടെ നാഴികകല്ലുകള്‍ മറ്റു ഒല ഉടമകളുമായി പങ്കുവെക്കാനാവും. ചില വിഡ്‌ജെറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണിലും കാണാനാവും. ഒപ്പം ഒല ഇലക്ട്രിക് ആപ്പില്‍ ഡാര്‍ക് മോഡും ആരംഭിച്ചിട്ടുണ്ട്. ഫേവറേറ്റ്‌സ് ഓണ്‍ലി കോളിങ് ഓപ്ഷന്‍, റീ സെറ്റു ചെയ്യാവുന്ന ട്രിപ് മീറ്ററുകള്‍, മാറ്റങ്ങളോടെയെത്തുന്ന മൂഡ്‌സ് ഫീച്ചര്‍ എന്നിവയെല്ലാം കൂടുതല്‍ സൗകര്യങ്ങള്‍ ഒല റൈഡര്‍മാര്‍ക്ക് നല്‍കും.