മസ്കത്ത് : 1973 ൽ ഉദ്ഘാടനം ചെയ്ത മസ്കത്തിലെ ആ പഴയ വിമാനത്താവളം ഇനി പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഒമാൻ അധികൃതർ. ഒപ്പം ബിസിനസിൽ പുതിയ ഒരു മാതൃകയും. പഴയതെല്ലാം ഇടിച്ചു പൊളിച്ചു കളയുന്ന ശൈലി മാറ്റി പകരം ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന സ്മാരകമായി മാറ്റാനും അതിനൊപ്പം തന്നെ ഒരു മികച്ച ഷോപ്പിങ് അനുഭവം സന്ദർശകർക്ക് ഒരുക്കാനുമുള്ള നീക്കമാണ് മസ്കത്തിലെ പഴയ എയർപോർട്ട് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.വ്യോമയാന മ്യൂസിയം, ഷോപ്പിങ് സെന്ററുകൾ, റസ്റ്റാറന്റുകൾ, തുടങ്ങി ഒരു ഷോപ്പിങ് മാളിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കി പഴയ എയർ പോർട്ടിനെ പുതു പുത്തൻ ആക്കാനാണ് നീക്കം. ഒമാന്റെ വ്യോമയാനമേഖയിൽ ഇത്രത്തോളം സ്വാധീനമുള്ള ഈ സ്ഥലത്തിന് പുത്തനുണർവ്വ് നൽകാൻ നിക്ഷേപകർക്കും അവസരം ഒരുക്കിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ചെയർമാൻ നായിഫ് ബിൻ അലി അൽ അബ്രി അറിയിച്ചു.
വിമാനത്താവളത്തിന്റെ പൈതൃകത്തെ സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തികമായി ലാഭം ലഭിക്കുന്ന തരത്തിലുള്ള ഒരു വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ആണ് പഴയ വിമാനത്താവളത്തിന് ഉള്ളത്. മസ്ക്കത്തിന്റെ നഗരഹൃദയത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മികച്ച റോഡ് സൗകര്യമുള്ളതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും. സുൽത്താൻ ഖാബൂസ് ഹൈവേയോടും മസ്കത്ത് എക്പ്രസ് വേയോടും ചേർന്ന് കിടക്കുന്നതിനാൽ സാധാരണക്കാർക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിയും.