പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തി. കുമ്പഴ മലയാലപ്പുഴ റോഡിൽ പ്രവർത്തിക്കുന്ന ഡെയിലി ഫ്രെഷ് മത്സ്യ കടയിൽ നിന്നും 14 കിലോ അഴുകിയ ചൂര മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരത്തിലെ അമാനി ഹോട്ടലിൽ നിന്നും ഉപയോഗശൂന്യമായ പാചക എണ്ണ, ആഹാരപദാർത്ഥങ്ങൾ, 12 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
പഴകിയതും ഉപയോഗശൂന്യമായ ആഹാരപദാർത്ഥങ്ങൾ പിടിച്ചെടുത്തു പിഴ ഈടാക്കുന്നതിലേക്കു നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നിരന്തര പരിശോധനകളുടെ ഫലമായി നഗരത്തിലെ ഭക്ഷണശാലകളുടെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇന്ന് 15 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതില്‍ 5 സ്ഥാപനങ്ങളിൽനിന്നും പഴയതും ഉപയോഗ ശൂന്യവും ആയ ആഹാരസാധനങ്ങൾ കണ്ടെത്തി.
പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ വൈ., ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് എസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സ്‌കറിയ ലിവിങ്സ്റ്റൺ, സുജിത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു.