ന്യൂഡല്‍ഹി : രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒളിമ്പ്യന്‍ പി.ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ എന്ന വിലയിരുത്തലോടെ ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കായികമേഖലയ്ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ചടങ്ങിന് മുന്‍പായി ഉഷ പറഞ്ഞു. നടന്‍ സുരേഷ് ഗോപിയ്ക്ക് ശേഷം കേരളത്തില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പി.ടി ഉഷ. ഉഷ ഉള്‍പ്പടെ വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് പേരെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും തനിക്കെതിരെ ചിലര്‍ നടത്തിയ പ്രസ്‌താവനകള്‍ അവഗണിക്കുകയാണെന്നും ഉഷ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവ് വി.ശ്രീനിവാസനോടൊപ്പം ഡല്‍ഹിയില്‍ എത്തിയ ഉഷ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായും ഉഷ കൂടിക്കാഴ്‌ച നടത്തിയിരുന്നു.