കൊച്ചി: ഗുണ്ടാ തലവൻ ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ എളമക്കര സ്വദേശി പോലീസ് കസ്റ്റഡിയിൽ. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള ബിനു ജോസഫ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പോലീസ് പിടികൂടിയ ബിനുവിനെ മരട് പോലീസിന് കൈമാറി. ഇയാൾ സിനിമ താരങ്ങളെ ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ചെന്നാണ് സംശയം. കേസിൽ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്റെ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇരുവരെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും സ്വകാര്യ ഹോട്ടലിൽ നിന്ന് ഇന്നലെയാണ് കൊച്ചി മരട് പോലീസ് അറസ്റ്റ് ചെയ്തത്.
ബോൾഗാട്ടി പാലസിൽ നടന്ന അലെൻ വാക്കർ മെഗാ ഡിജെ ഷോയ്ക്ക് ലഹരി വസ്തുക്കൾ വിൽക്കാൻ ലക്ഷ്യമിട്ട് കൊച്ചിയിൽ മുറി എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ലഹരി ഉപയോഗം സംശയിക്കുന്ന തരത്തിൽ കൊക്കെയിൻ അടങ്ങിയ ബാഗ് ഇവരിൽ നിന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയിൽ താരങ്ങളെത്തി എന്ന് ബോധ്യപ്പെട്ടതെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും മാത്രമല്ല, ബൈജു, അരുൺ, അലോഷ്യ, സ്നേഹ, ടിപ്സൺ എന്നിങ്ങനെ വിവിധ പേരുകളിളായി 20 പേർ വേറെയും ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. എല്ലാവരെയും ഉടൻ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഓം പ്രകാശിനും കൂട്ടാളിക്കും കോടതി ജാമ്യം അനുവദിച്ചു.