പത്തനംതിട്ട : കോന്നി പോപ്പുലര്‍ ഫിനാന്‍സ് തകര്‍ന്നതിനു പിന്നാലെ ജില്ലയിലെ മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും തകരുകയാണ്. ഓമല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന തറയില്‍ ഫിനാന്‍സിയേഴ്സ് എന്ന ധനകാര്യ സ്ഥാപനം വന്‍ സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് പൂട്ടി. ഉടമ സജിയും കുടുംബവും സ്ഥലത്തില്ല. നിക്ഷേപകര്‍ അടഞ്ഞുകിടക്കുന്ന വീടിനു മുമ്പില്‍ എത്തി തകര്‍ന്ന ഹൃദയത്തോടെ തിരികെ പോകുകയാണ്. ബ്രാഞ്ചുകള്‍ തുറക്കാതായിട്ട് ആഴ്ചകളായി. ലോക്ക് ഡൌണ്‍ ആയതിനാല്‍ ആരും ഇക്കാര്യം അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ല.
1992 ലാണ് പത്തനംതിട്ടയില്‍ ഈ സ്ഥാപനം തുടങ്ങുന്നത്. സ്വര്‍ണ്ണ പണയം സ്വീകരിക്കുവാനാണ് അനുമതി ഉണ്ടായിരുന്നതെങ്കിലും ഇവര്‍ നിക്ഷേപങ്ങളും സ്വീകരിച്ചു. നിയമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും കര്‍ശനമാക്കിയിരുന്നില്ല. സ്ഥാപനം വളര്‍ന്നതോടുകൂടി ഓമല്ലൂര്‍, അടൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ തുടങ്ങി. സ്വര്‍ണ്ണ പണയവും നിക്ഷേപങ്ങളും സ്വീകരിച്ചു. പോപ്പുലര്‍ ഫിനാന്‍സ് തകര്‍ന്നതോടുകൂടി ഇവിടെയും നിക്ഷേപകര്‍ എത്തി പണം പിന്‍വലിച്ചു. എന്നാല്‍ എല്ലാവര്‍ക്കും പറഞ്ഞ സമയത്ത് പണം മടക്കി നല്‍കുവാന്‍ കഴിഞ്ഞില്ല. ഇതാണ് ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അമ്പത് ലക്ഷത്തിനു മുകളില്‍ നിക്ഷേപിച്ച പല കുടുംബങ്ങള്‍ ഉണ്ടെന്നും പല രസീതുകളിലായിട്ടാണ് പണം സ്വീകരിച്ചിരിക്കുന്നതെന്നും സ്ഥാപന ഉടമ സജി തന്നെ പറഞ്ഞു.
ഇവരുടെ ഉടമസ്ഥതയില്‍ ഓമല്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പെട്രോള്‍ പമ്പ് ലോക്ക് ഡൌണില്‍ നാലുമാസം അടച്ചിട്ടിരുന്നു. ഇന്ധനം ഇറക്കുവാന്‍ പണം ഇല്ലാതിരുന്നതായിരുന്നു കാരണം. ഈ പമ്പ് കഴിഞ്ഞ 25 ദിവസമായി പത്തനംതിട്ട സ്വദേശിയാണ് നടത്തുന്നത്. ആറുമാസത്തില്‍ അധികമായി സജി പമ്പില്‍ ചെന്നിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. മാനേജര്‍ ആണ് കാര്യങ്ങള്‍ നടത്തുന്നത്. സജിയുടെ ഭാര്യയുടെ പേരിലാണ് പമ്പ്.
തറയില്‍ ഫിനാന്‍സിയേഴ്സിന്റെ ഓമല്ലൂര്‍, പത്തനംതിട്ട, അടൂര്‍, പത്തനാപുരം എന്നീ ബ്രാഞ്ചുകളിലായി അമ്പത് കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്നു കണക്കാക്കുന്നു. ഓരോ ഓഫീസിലും മൂന്നോളം ജീവനക്കാരുമുണ്ട്. പണം നിക്ഷേപിച്ചവര്‍ക്ക് യഥാസമയം പണം മടക്കിനല്‍കുവാന്‍ കഴിഞ്ഞില്ല. നിക്ഷേപകരില്‍ ചിലര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പണം മടക്കി നല്‍കാന്‍ അവധി പറഞ്ഞ് അതൊക്കെ അവസാനിപ്പിച്ചു. ചിലര്‍ കേസ് നല്‍കുവാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തിയെങ്കിലും കോടതി അവധി ആയതിനാല്‍ കേസും എങ്ങുമെത്തിയില്ല. ഇതിനിടയിലാണ് ബ്രാഞ്ചുകള്‍ പൂട്ടിയതും പെട്രോള്‍ പമ്പ് നടത്തിപ്പ് മറ്റൊരാള്‍ക്ക് കൈമാറിയതും വീട് അടച്ചുപൂട്ടി ഉടമ സ്ഥലംവിട്ടതും. ഇതോടെ നിക്ഷേപകര്‍ പെരുവഴിയിലായി.
തറയില്‍ ഫിനാന്‍സിയെഴ്സും പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുമായി രഹസ്യബന്ധം ഉള്ളതായി പറയുന്നു. തറയില്‍ ഫൈനാന്‍സിയേഴ്സില്‍ നിക്ഷേപമായി ലഭിച്ച കോടികള്‍ പോപ്പുലറില്‍ നിക്ഷേപിച്ചതായും പോപ്പുലര്‍ തകര്‍ന്നപ്പോള്‍ ഈ പണമെല്ലാം നഷ്ടപ്പെട്ടു എന്നും പറയുന്നു. എന്നാല്‍ ഇക്കാര്യം തറയില്‍ ഫിനാന്‍സ് ഉടമ സജി പൂര്‍ണ്ണമായി നിഷേധിച്ചിരുന്നു. പോപ്പുലറില്‍ തനിക്കോ കുടുംബത്തിനോ നിക്ഷേപം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഇദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപമായി ലഭിച്ചത് 50 കോടിയോളം രൂപയാണ്. ഒരുതുണ്ട് ഭൂമിപോലും ഈ പണം ഉപയോഗിച്ച് വാങ്ങിയിട്ടില്ലെന്നും സജി പറഞ്ഞിരുന്നു. പെട്രോള്‍ പമ്പിന്റെ സ്ഥലം നേരത്തെ ഉണ്ടായിരുന്നതാണെന്നും അവിടെ കനോപ്പി പണിയുവാന്‍ മാത്രമാണ് നിക്ഷേപമായി കിട്ടിയ പണത്തില്‍ നിന്നും ചെറിയൊരു തുക മുടക്കിയതെന്നും സജി പറഞ്ഞിരുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കോ മറ്റ് ബിസിനസ്സിലേക്കോ നിക്ഷേപകരുടെ പണം വകമാറ്റിയിട്ടില്ലെന്നും സ്വര്‍ണ്ണ പണയം സ്വീകരിച്ച് പണം കടം കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പറയുമ്പോള്‍ ഇവിടെ നിക്ഷേപമായി ലഭിച്ച കോടികള്‍ എവിടെപ്പോയി എന്ന ചോദ്യമാണ് ഉയരുന്നത്. പണയമായി ലഭിച്ച സ്വര്‍ണ്ണം മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ വീണ്ടും പണയംവെച്ച് കൂടുതല്‍ പണം വാങ്ങിയിട്ടുണ്ടെന്നും ഉടമ സജി പറഞ്ഞിരുന്നു.
ജില്ലയില്‍ അടുത്തിടെ ആദ്യമായി തകര്‍ന്നത് കേരളാ ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL) എന്ന സ്വകാര്യ സ്ഥാപനമായിരുന്നു. പിന്നാലെ പോപ്പുലര്‍ ഫിനാന്‍സും ഇപ്പോള്‍ തറയില്‍ ഫിനാന്‍സും പൂട്ടി. പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയിലുമാണ്. ഏതു നിമിഷവും പൂട്ടുന്ന അവസ്ഥയിലാണ് ചിലര്‍. മാര്‍വാഡിയുടെ കയ്യില്‍നിന്നും കൊള്ള പലിശക്ക് പണം കടം വാങ്ങിയാണ് പലരും പിടിച്ചു നില്‍ക്കുന്നത്. ഇത് എത്രനാള്‍ എന്നതാണ് പ്രശ്നം. മൂന്നോളം പ്രമുഖ സ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയിലാണ്. നിയമപരമല്ലാതെയാണ് പലരും പ്രവര്‍ത്തിക്കുന്നത്. ചിലര്‍ ഹൈക്കോടതി ഉത്തരവിലൂടെയാണ് പിടിച്ചു നില്‍ക്കുന്നത്. വിപണി വന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ എത്രനാള്‍ മുമ്പോട്ടുപോകും എന്നത് കാണേണ്ടിയിരിക്കുന്നു.