മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ 6.7 ശതമാനത്തിന്റെ കുറവെന്ന് റിപ്പോർട്ടുകൾ. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകൾപ്രകാരം ഈ വർഷം ഫെബ്രുവരി അവസാനത്തോടെ ഒമാനിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 25,35,246 ആണ്. മുൻ വർഷങ്ങളിലെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 6.7 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 2024 ഫെബ്രുവരി അവസാനത്തോടെ 27,17,835 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം 2,280,280 യാത്രക്കാരെ കൈകാര്യം ചെയ്തു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 2,463,856 യാത്രക്കാരെ അപേക്ഷിച്ച് 7.5 ശതമാനം കുറവാണിത്. വിമാനങ്ങളിലും 11 ശതമാനം കുറവുണ്ടായി. 2024ൽ ഇത് 16,996 വിമാനങ്ങൾ ആയിരുന്നത് 15,133 ആയി.സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 5.4 ശതമാനം വർധനവ് രേഖപ്പെടുത്തി. ഫെബ്രുവരി അവസാനത്തോടെ 244,590 യാത്രക്കാർക്ക് സേവനം നൽകി. 2024ൽ ഇത് 232,077 ആയിരുന്നു. എന്നിരുന്നാലും, വിമാനത്താവളത്തിലെ വിമാനങ്ങളുടെ എണ്ണം 8.1 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,572 ആയിരുന്നെങ്കിൽ 1,444 വിമാനങ്ങൾ ആയാണ് കുറഞ്ഞത്. സുഹാർ വിമാനത്താവളത്തിലും വിമാന സർവിസുകളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇത് 110 ആയിരുന്നത് 74.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 28 എണ്ണം മാത്രമായി ചുരുങ്ങി. യാത്രക്കാരുടെ എണ്ണത്തിലും 98 ശതമാനം ഇടിവ് രേഖപ്പെടുത്തി. ദുകം വിമാനത്താവളത്തിൽ വിമാന സർവിസുകളുടെ എണ്ണം 3.8 ശതമാനം ആയാണ് കുറഞ്ഞ്. 104ൽ നിന്ന് 100 ആയി.അതേസമയം, യാത്രക്കാരുടെ എണ്ണം 3.3 ശതമാനം കുറഞ്ഞ് 10,150 ആയി. മുൻ വർഷത്തെ 10,492 യാത്രക്കാരായിരുന്നു ഇത്.ഈ വർഷം ഫെബ്രുവരിയിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാരാണ്. 1,46,418 യാത്രക്കാരാണ് ഈ കാലയളവിൽ വിമാനത്താവളം വഴി യാത്ര ചെയ്തത്. (75,510 പേർ എത്തുകയും 70,908 പേർ പോകുകയും ചെയ്തു).തൊട്ടുപിന്നിൽ 145,060 യാത്രക്കാരുമായി ഒമാനി പൗരന്മാർ (82,244 പേർ എത്തി, 62,816 പേർ പുറപ്പെട്ടു). മൂന്നാം സ്ഥാനത്ത് 47,781 യാത്രക്കാരുമായി പാകിസ്താൻ പൗരന്മാർ (24,876 പേർ എത്തി, 22,905 പേർ പുറപ്പെട്ടു).