മസ്‌കറ്റ്: ഒമാനില്‍ പാകിസ്ഥാന്കാരന്റെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശി കണ്ണരാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി ഞാറാഴ്ച മരിച്ചിരുന്നു. ഒമാനിലെ ബുറൈമിയില്‍ ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.
തലയ്‌ക്കേറ്റ മാരകമായ മുറിവാണ് രാജേഷിന്‍റെ മരണകാരണമെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കിയിരുന്നു. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനൊപ്പം താമസിച്ചിരുന്ന പാകിസ്താന്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.