തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപകമായതോടെ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നു. രണ്ടാംതരംഗത്തിന് ശേഷം കൊവിഡിതര ചികിത്സകള്‍ കാര്യക്ഷമമാക്കിയ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളിലൂടെ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന തിരുവനന്തപുരത്താണ് പ്രതിസന്ധി രൂക്ഷം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ25 കൊവിഡ് ഐ.സി.യു കിടക്കകകളും നിറഞ്ഞു.
ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ ഐ.സിയു കിട്ടാനില്ല. പ്രായമായവരാണ് ഗുരുതരാവസ്ഥയിലാകുന്നവരില്‍ ഏറെയും. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ആശുപത്രികളെല്ലാം കൊവിഡ് ചികിത്സാ വാര്‍ഡുകളും ഐ.സിയു കിടക്കകളും ചുരുക്കിയിരുന്നു. എന്നാലിപ്പോള്‍ കൊവിഡ് രോഗികള്‍ക്കായി കൂടുതല്‍ സംവിധാനങ്ങള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. ഹൃദ്രോഗമുള്‍പ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരെ ഓക്‌സിജന്‍ കുറഞ്ഞാലുടന്‍ ഐ.സി.യുവിലേക്ക് മാറ്റണം.