ചെന്നൈ : തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. നൈജീരിയയില്‍ നിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആറ് ബന്ധുക്കള്‍ക്കും കൂടെ യാത്ര ചെയ്ത വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അതിനിടയിൽ പശ്ചിമ ബംഗാളിലും ആദ്യ ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അബൂദബിയില്‍ നിന്ന് മടങ്ങിയെത്തിയ ഏഴു വയസ്സുകാരനിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. മുര്‍ഷിദാബാദ് സ്വദേശിയായ കുട്ടി ഡിസംബര്‍ 10ന് ഹൈദരാബാദ് വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. നിലവില്‍ മുര്‍ഷിദാബാദ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷിതാക്കളെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും നെഗറ്റീവാണ്.