ന്യൂഡൽഹി : ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു. ലഖിംപുർ സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ റിപ്പോർട്ട് വന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയത്. പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും ലോക്സഭയും നേരത്തേ പിരിഞ്ഞു. ലഖിംപുർ ഖേരി സംഭവത്തിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജയിലിലാണ്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയത്. കർഷക കൂട്ടക്കൊല അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും കൃത്യമായി പദ്ധതി തയാറാക്കി നടപ്പാക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 3നു ലഖിംപുർ ഖേരിയിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത യോഗത്തിലേക്കു പ്രതിഷേധവുമായി എത്തിയ 4 കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്കിടയിലേക്കു കാറോടിച്ചു കയറ്റുന്നതിന്റെയും ഡ്രൈവർ സീറ്റിൽ ആശിഷ് മിശ്ര ഇരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നാലെ കർഷകരും അക്രമാസക്തരായി. തുടർന്നുള്ള സംഘർഷങ്ങളിൽ 2 ബിജെപി പ്രവർത്തകരും ഇവരുടെ ഡ്രൈവറും മരിച്ചു. കേസന്വേഷണത്തിലെ വീഴ്ചകൾ പലവട്ടം ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു.