പത്തനംതിട്ട : കോട്ടാങ്ങൽ ദേവീക്ഷേത്രത്തിലെ പടയണിക്ക് 28ന് രാത്രി 9.30ന് ചൂട്ട് വെയ്ക്കും. കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ നേതൃത്വത്തിലാണ് ഫെബ്രുവരി 4 വരെയാണ് പടയണി ചടങ്ങുകൾ. 29ന് രാത്രി 9.30ന് ചൂട്ടുവലത്ത്. 30ന് രാത്രി 11 മുതൽ കുളത്തൂർ കരയുടെ ഗണപതിക്കോലം, 31ന് രാത്രി 11 മുതൽ കോട്ടാങ്ങൽ കരയുടെ ഗണപതിക്കോലം, ഫെബ്രുവരി 1ന് രാത്രി 11 മുതൽ കുളത്തൂർ കരയുടെ അടവി, പള്ളിപ്പാന. 12മുതൽ പടയണി ചടങ്ങുകൾ. പുലർച്ചെ പള്ളിപ്പാന, അടവി. 2ന് രാത്രി 11 മുതൽ കോട്ടാങ്ങൽ കരയുടെ അടവി, പള്ളിപ്പാന.
പുലർച്ചെ പള്ളിപ്പാന, അടവി. കുളത്തൂർ കരയുടെ വലിയ പടയണി ദിനമായ 3ന് വൈകിട്ട് 4 മുതൽ ഘോഷയാത്രയും വേലയും വിളക്കും. രാത്രി 7.30 മുതൽ തിരുമുൻപിൽ വേലയും വിളക്കും. രാത്രി 11 മുതൽ പടയണി ചടങ്ങുകൾ 101 പാള ഭൈരവി, പുലർച്ചെ 4 മുതൽ കാലൻകോലം. 4ന് കോട്ടാങ്ങൽ കരയുടെ വലിയ പടയണി ദിനത്തിൽ വൈകിട്ട് 4 മുതൽ ഘോഷയാത്രയും വേലയും വിളക്കും, രാത്രി 7.30 മുതൽ തിരുമുൻപിൽ വേലയും വിളക്കും, രാത്രി 11 മുതൽ പടയണി ചടങ്ങുകൾ 101 പാള ഭൈരവി, പുലർച്ചെ 4 മുതൽ കാലൻകോലം. 6ന് മംഗളഭൈരവി. ആചാരപ്പെരുമയും ചിട്ടവട്ടങ്ങളും പടയണിക്ക് മാറ്റ് കൂട്ടുമെന്ന് ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി ടി.സുനിൽ, അനീഷ് ചുങ്കപ്പാറ, ഹരികുമാർ പുതുപ്പറമ്പിൽ, സി.ആർ.രാഹുൽ തച്ചേട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.